തിരുവനന്തപുരം: അന്ധവിശ്വാസങ്ങൾക്കെതിരായ പോരാട്ടത്തിനൊപ്പം വിശ്വാസികളെയും ചേർത്തുനിർത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സിപിഎം കേരള ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ആഹ്വാനം.
വിശ്വാസി അല്ലെങ്കിലും വിശ്വാസികൾക്ക് വേണ്ടി നിലകൊള്ളണം. വിശ്വാസവും വർഗീയതയും രണ്ടാണ്. ജാതിയുടെയും മതത്തിന്റെയും പേരിൽ വിശ്വാസികളെ സംഘടിപ്പിച്ചാൽ അത് വർഗീയതയല്ല. എന്നാൽ, ഇങ്ങനെ സംഘടിപ്പിച്ച് രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടുമ്പോഴാണ് വർഗീയത ഉണ്ടാകുന്നത്. ഈ വർഗീയതയ്ക്കും അന്ധവിശ്വാസത്തിനും എതിരെ വിശ്വാസികളെക്കൂടി ചേർത്ത് പ്രതിരോധിച്ചേ വിജയിപ്പിക്കാനാകൂവെന്നാണ് എംവി ഗോവിന്ദൻ പറയുന്നത്.
ബിജെപി ഭരിക്കുന്ന രാജ്യത്ത് അന്ധവിശ്വാസത്തിന് നിയമപരമായ പരിരക്ഷ ലഭിക്കുകയാണെന്ന വിചിത്ര കണ്ടെത്തലും എംവി ഗോവിന്ദൻ പങ്കുവെയ്ക്കുന്നു. മതനിരപേക്ഷതയുടെ കേന്ദ്ര ഭൂമിയാണ് കേരളം. ഇവിടെപ്പോലും അന്ധവിശ്വാസ ജഡിലമായ അനാചരങ്ങൾ നീക്കാനായിട്ടില്ലെന്നാണ് സമീപകാല സംഭവങ്ങളിലൂടെ വ്യക്തമാകുന്നത്. അപ്പോൾ മറ്റ് സംസ്ഥാനങ്ങളുടെ സ്ഥിതി ആലോചിക്കണമെന്നും പാർട്ടി സെക്രട്ടറി പറയുന്നു. എന്നാൽ അടുത്തിടെ നടന്ന ഇലന്തൂർ നരബലിയിൽ പാർട്ടിയുടെ പ്രാദേശിക ചുമതലയിൽ ഇരുന്ന സഖാവാണ് പ്രതിയെന്ന കാര്യം പാർട്ടി സെക്രട്ടറി മിണ്ടുന്നില്ല.
വർഗീയതയെയും വിശ്വാസത്തെയും അന്ധവിശ്വാസത്തെയും തിരിച്ചറിയണമെന്നും സ്വതന്ത്രചിന്തയുടെ പ്രാധാന്യം വർധിച്ചുവരികയാണെന്നും എംവി ഗോവിന്ദൻ പറയുന്നു.
Discussion about this post