തലശേരി: ലഹരിവിൽപനയുമായി ബന്ധപ്പെട്ട തർക്കത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളിൽ പാർട്ടി പതാക പുതപ്പിച്ച സിപിഎം നേതാക്കൾ കേസിലെ മുഖ്യപ്രതി ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുത്തതിൽ മൗനം പാലിക്കുന്നതിൽ വ്യാപക വിമർശനം. ലഹരിക്കെതിരായ പോരാട്ടത്തിൽ പാർട്ടിയുടെ ഇരട്ടത്താപ്പ് ആണ് ഇത് വ്യക്തമാക്കുന്നതെന്ന വിമർശനം ശക്തമാണ്.
കഴിഞ്ഞ ദിവസം രാത്രിയാണ് ഷമീർ, ഖാലിദ് എന്നിവർ കത്തിക്കുത്തിൽ കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകരാണ് ഇരുവരുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. പിന്നാലെ ലഹരിമാഫിയയ്‌ക്കെതിരായ പോരാട്ടത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന പ്രചാരണവും വ്യാപകമായി അഴിച്ചുവിട്ടിരുന്നു. എന്നാൽ ഇവരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി പാറായി ബാബു ഡിവൈഎഫ്‌ഐ പരിപാടിയിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളും ചിത്രങ്ങളും മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പാർട്ടി പ്രതിരോധത്തിലായി.
ലഹരി വിരുദ്ധ പരിപാടിയുടെ ഭാഗമായി ഡിവൈഎഫ്‌ഐ കൊളശേരിയിൽ നടത്തിയ മനുഷ്യചങ്ങലയിലാണ് പാറായി ബാബു പങ്കെടുത്തത്. നിട്ടൂർ സ്വദേശിയാണ് പാറായി ബാബു. ഖാലിദിനെയും ഷമീറിനെയും കുത്തിയത് ബാബുവാണെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കർണാടകയിലേക്ക് കടക്കാൻ ശ്രമിക്കവേ ബാബു പോലീസിന്റെ പിടിയിലാകുകയും ചെയ്തിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി.കെ ശ്രീമതി, കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ എന്നിവർ ചേർന്നാണ് കൊല്ലപ്പെട്ട ഷമീറിന്റെയും ഖാലിദിന്റെയും മൃതദേഹങ്ങളിൽ പാർട്ടി പതാക പുതപ്പിച്ചത്. ഇതിന്റെ ചിത്രവും സിപിഎം ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. എന്നാൽ പ്രതിയുടെ പാർട്ടി ബന്ധം സംബന്ധിച്ച് യാതൊരു വിശദീകരണവും പാർട്ടി ഇതുവരെ നടത്തിയിട്ടില്ല.
ലഹരിക്കെതിരായ സംസ്ഥാന സർക്കാരിന്റെ അതിശക്തമായ ഇടപെടലിനൊപ്പം സിപിഎമ്മും വർഗബഹുജന സംഘടനകളും നാടാകെയും നിലകൊള്ളുകയാണെന്നും ഈ വിപത്തിനെതിരെ സമൂഹം അതിശക്തമായ പ്രതിരോധം തീർക്കുകയാണെന്നും ഇതിൽ വിറളിപൂണ്ട ലഹരി മാഫിയ സംഘമാണ് ഈ അരുംകൊല നടത്തിയതെന്നും സിപിഎം നേരത്തെ പ്രസ്താവനയിൽ പറഞ്ഞിരുന്നു.
ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കിയെന്ന് വരുത്തിതീർക്കാൻ നാടുനീളെ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെങ്കിലും ലഹരിമാഫിയയുമായി ബന്ധപ്പെട്ട് പിടികൂടുന്ന പാർട്ടി നേതാക്കളുടെ എണ്ണത്തിൽ കുറവൊന്നും ഇല്ല. നേരത്തെയും പലതവണ പൊതുസമൂഹത്തിൽ ഇക്കാര്യം ചർച്ചയായിട്ടുണ്ട്. ഇതിനിടെയാണ് തലശേരി സംഭവവും ഉണ്ടായത്.










Discussion about this post