ദോഹ: ഫിഫ ലോകകപ്പിൽ വെയ്ൽസിനെതിരെ ഇറാന് തകർപ്പൻ ജയം. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഇറാൻ യൂറോപ്യൻ ശക്തികളെ തകർത്തത്. അവസാന നിമിഷം ഗുരുതരമായ ഫൗളിന് ചുവപ്പ് കാർഡ് കണ്ട് ഗോൾ കീപ്പർ വെയ്ൻ ഹെന്നെസെ പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയ വെയ്ൽസിനെതിരെ ഇറാൻ ആക്രമണം അഴിച്ചു വിടുകയായിരുന്നു.
ഇരു ടീമുകളും തുല്യത പാലിച്ച ഒന്നാം പകുതിയിൽ കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ ആർക്കും സാധിച്ചിരുന്നില്ല. എന്നാൽ, രണ്ടാം പകുതിയിൽ വെയ്ൽസ് ശക്തമായ മുന്നേറ്റങ്ങൾ നടത്തി. ഇറാൻ പ്രതിരോധ നിര അവയെ തടുക്കാൻ നന്നായി വിയർപ്പൊഴുക്കി. ഹെന്നെസെ പുറത്തായതോടെ പത്ത് പേരായി ചുരുങ്ങിയ വെയ്ൽസ് പതറി.
ക്ഷീണിതരായ പ്രതിരോധ നിരയുടെ ദൗർബല്യം മുതലെടുത്ത് ഇഞ്ചുറി ടൈമിലാണ് ഇറാൻ രണ്ട് ഗോളുകളും നേടിയത്. ഇഞ്ചുറി ടൈമിന്റെ എട്ടാം മിനിറ്റിൽ റൗസ്ബെ ചെസ്മിയും പതിനൊന്നാം മിനിറ്റിൽ റമീൻ റസീയാനുമാണ് ഇറാന് വേണ്ടി ഗോൾ നേടിയത്. ആദ്യ മത്സരത്തിൽ യു എസ് എയുമായി സമനിലയിൽ പിരിഞ്ഞ വെയ്ൽസിന് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമായിരുന്നു.
എന്നാൽ ആനുകൂല്യം മുതലാക്കി ഇറാൻ വിജയം തട്ടിയെടുക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് 2-6 എന്ന സ്കോറിൽ പരാജയപ്പെട്ട ഇറാന് പ്രതീക്ഷ നൽകുന്നതായി ഇന്നത്തെ വിജയം.











