കൊച്ചി: ഹിറ്റ് കന്നഡ ചിത്രം കാന്താരയിലെ ‘വരാഹരൂപം’ ഗാനത്തെചൊല്ലിയുള്ള തർക്കത്തിൽ കാന്താരാ ടീമിന് വിജയം. വരാഹ രൂപം പാട്ടിന്റെ വിലക്ക് കോടതി നീക്കം ചെയ്തു. തൈക്കുടം ബ്രിഡ്ജിന്റെ ഹർജി തള്ളി. ഹൈക്കോടതി നിർദ്ദേശമനുസരിച്ചാണ് കാന്താര ടീം കീഴ് കോടതിയിൽ അപ്പീൽ നൽകിയത്. തുടർന്നുള്ള വാദത്തിൽ കോടതി തൈക്കുടം ബ്രിഡ്ജിന്റെ ഹർജി തള്ളുകയായിരുന്നു.ഇതോടെ സിനിമയിൽ നേരത്തെ ഉണ്ടായിരുന്ന വരാഹരൂപം എന്ന ഗാനം വീണ്ടും ഉൾപ്പെടുത്താമെന്നാണ് കോടതി നിർദ്ദേശം.
തീയേറ്ററുകളിൽ വൻ ഹിറ്റായ സിനിമ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമിലും റിലീസ് ചെയ്തു കഴിഞ്ഞു. ആമസോൺ പ്രൈമാണ് ചിത്രം ഒടിടിയിൽ ഏറ്റെടുത്തിരിക്കുന്നത്. വരാഹരൂപം എന്ന ഗാനമില്ലാതെയാണ് ചിത്രം ഒടിടിയിലും റിലീസ് ചെയ്തിരുന്നത്. വിലക്ക് നീക്കിയതോടെ ഇനി ഒടിടിയിലും ഗാനം ഉൾപ്പെടുത്തുമെന്ന വാർത്ത ആരാധഖർ സന്തോഷത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
‘വരാഹരൂപം..’ എന്ന ഗാനം തൈക്കുടം ബ്രിഡ്ജിന്റെ ‘നവരസം’ എന്ന ഗാനത്തിന്റെ ടൈറ്റിൽ ഗാനത്തിൻറെ കോപ്പിയടിയെന്നാണ് തൈക്കുടം ബ്രിഡ്ജിൻറെ പരാതി. എന്നാൽ നവരസത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടിട്ടേ ഉള്ളൂവെന്ന് കാന്താരാ ടീം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വാദം അംഗീകരിക്കാതെയാണ് കാന്താര ടീമിനെതിരെ തൈക്കൂടം ബ്രിഡ്ജ് കോടതിയെ സമീപിച്ചത്.
Discussion about this post