ദോഹ: ലോകചാമ്പ്യന്മാരായ ഫ്രാൻസ് ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിൽ കടന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പോളണ്ടിനെതിരെ ഫ്രാൻസിന്റെ വിജയം. ഇരട്ട ഗോൾ നേടിയ കിലിയൻ എംബാപ്പെയും ഒലിവർ ജിറൂഡുമാണ് ഫ്രാൻസിന് വേണ്ടി ഗോൾ നേടിയത്.
റോബർട്ട് ലവൻഡോവ്സ്കിയുടെ വകയായിരുന്നു പോളണ്ടിന്റെ ആശ്വാസ ഗോൾ. പലപ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടം എന്ന് തോന്നിപ്പിച്ച മത്സരത്തിൽ, ഗോൾ വീണതോടെയാണ് ഫ്രഞ്ച് മുന്നേറ്റം ഏകപക്ഷീയമായത്. ഒന്നാം പകുതിയുടെ അവസാന മിനിറ്റിന് തൊട്ടു മുൻപ് ജിറൂഡ് ഫ്രാൻസിന്റെ ആദ്യ ഗോൾ നേടി.
എഴുപത്തി നാലാം മിനിറ്റിൽ ഡെംബേലയുടെ പാസിൽ നിന്നും എംബാപ്പെയുടെ ആദ്യ ഗോൾ പിറന്നു. ഇഞ്ചുറി ടൈമിൽ എംബാപ്പെ രണ്ടാം ഗോളും നേടി. അവസാന നിമിഷം ലഭിച്ച പെനാൽറ്റി ലെവൻഡോവ്സ്കി ഗോളാക്കിയതോടെ മത്സരഫലം പൂർത്തിയായി.











