കൊച്ചി: യൂട്യൂബിൽ തരംഗമായി ഉണ്ണി മുകുന്ദന്റെ മാളികപ്പുറം സിനിമയുടെ ടീസർ. ഇന്നലെ വെെകിട്ട് പുറത്തുവിട്ട ടീസർ 24 മണിക്കൂർ പിന്നിടുമ്പോൾ 6 ലക്ഷത്തിലധികമാണ് വ്യൂസ്. ആരാധകരിൽ കൂടുതൽ പ്രതീക്ഷയും ഉദ്വേഗവും നിറയ്ക്കുന്ന രീതിയിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.
ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ക്ലാസ് മുറിയിലെ രംഗത്തോടെയാണ് ടീസർ തുടങ്ങുന്നത്. ടീച്ചറേ ഈ പെണ്ണുങ്ങളെ ശബരിമലയിൽ കയറ്റില്ല എന്ന് പറയുന്നത് ഉള്ളതാണോ എന്ന ഒരു വിദ്യാർത്ഥിയുടെ ചോദ്യമാണ് തുടക്കം. ശബരിമലയിൽ പോയി അയ്യപ്പനെ ദർശിക്കാനുള്ള ഒരു മാളികപ്പുറത്തിന്റെ ആഗ്രഹവും അതുമായി ബന്ധപ്പെട്ട സംഭവങ്ങളുമാണ് സിനിമയുടെ കഥയെന്ന് ടീസറിൽ നിന്ന് വ്യക്തം.
എന്നാൽ പൂർണമായ ഭക്തി സിനിമയല്ലെന്നും കുടുംബ കഥയും
ഫൈറ്റ് സീനും ഉൾപ്പെടെ കോർത്തിണക്കി കൊണ്ടുള്ളതാണെന്നും തിരക്കഥാകൃത്ത് അഭിലാഷ് പിള്ള വ്യക്തമാക്കിയിട്ടുണ്ട്. മല്ലു സിംഗിന്
ശേഷം ഉണ്ണി മുകുന്ദന്റെ കിടിലൻ ഡാൻസും ചിത്രത്തിൽ ഉണ്ട്. ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങളിലും ടീസർ തരംഗമായിക്കഴിഞ്ഞു.
“ഉണ്ണിയേട്ടൻ പേടിക്കണ്ട, എല്ലാം അയ്യപ്പൻ നോക്കിക്കൊള്ളും. അയ്യപ്പനോടല്ലേകളി” എന്ന് തുടങ്ങുന്ന മാളികപ്പുറത്തിന്റെ ഡയലോഗുകൾ ശബരിമലയെയും അവിടുത്തെ ആചാരാനുഷ്ടാനങ്ങളെയും ചിത്രത്തിൽ ഏറെ പ്രാധാന്യത്തോടെ വരച്ചുകാട്ടുന്നുവെന്നതിന് തെളിവാണ്. ” സ്വാമി മാസാണ്” എന്ന ഡയലോഗ് പുതുതലമുറയുടെ ചിന്തകളെയും തിരക്കഥാകൃത്ത് ഉൾക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുന്നു.
വിഷ്‌ണു ശശിശങ്കറിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘മാളികപ്പുറം’ . ആന്റോ ജോസഫിന്റെ ആൻ മെഗാ മീഡിയയും വേണു കുന്നപ്പളളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ദേവനന്ദ, ശ്രീപഥ് എന്നിവരാണ് പ്രധാന വേഷത്തിൽ. സൈജു കുറുപ്പ്, മനോജ് കെ ജയൻ തുടങ്ങിയവരും ചിത്രത്തിൽ ഉണ്ട്. പോലീസ് വേഷത്തിൽ മനോജ് കെ ജയനെയും കുടുംബനാഥന്റെ വേഷത്തിൽ സൈജു കുറുപ്പിനെയും ടീസറിൽ കാണാം.
വിഷ്ണു നമ്പൂതിരിയാണ് ഛായാഗ്രഹണം. രഞ്ജിൻ രാജ് ആണ് സംഗീതം. ഡിസംബറിൽ തന്നെ സിനിമ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
Discussion about this post