ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഗുജറാത്തിന്റെ കശാപ്പുകാരൻ എന്ന് വിളിച്ച് ആക്ഷേപിച്ച പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരിക്കെതിരെ ബിജെപി ഇന്ന് രാജ്യവ്യാപക പ്രതിഷേധം നടത്തും. എല്ലാ സംസ്ഥാന ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബിജെപിയും യുവമോർച്ചയും അറിയിച്ചു. ബിലാവൽ ഭൂട്ടോയുടെ കോലം കത്തിച്ചായിരിക്കും പ്രതിഷേധം.
ഇന്നലെ ഡൽഹിയിലെ പാകിസ്താൻ ഹൈക്കമ്മീഷന് സമീപം ബിജെപി വലിയ പ്രതിഷേധമാണ് നടത്തിയത്. യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ബിലാവലിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിജെപിയും കേന്ദ്രസർക്കാരും രൂക്ഷമായിട്ടാണ് പ്രതികരിച്ചത്.
ബിലാവലിന്റേത് തരംതാണ പ്രസ്താവനയാണെന്ന് വിദേശകാര്യമന്ത്രാലയം ഇന്നലെ പ്രതികരിച്ചിരുന്നു. ഇന്ത്യയുടെ നിലപാടുകൾക്ക് ആഗോളതലത്തിൽ വലിയ സ്വീകാര്യതയാണ് ഉണ്ടാകുന്നതെന്നും എന്നാൽ പാകിസ്താനെ ചെറുരാജ്യങ്ങൾ പോലും പിന്തളളുകയാണെന്നും ഇതിലെ അമർഷമാണ് ബിലാവലിന്റെ പ്രസ്താവനയിൽ നിഴലിക്കുന്നതെന്നും ബിജെപിയും കുറ്റപ്പെടുത്തിയിരുന്നു.
ബിൻ ലാദന് അഭയം നൽകിയതിലും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാകിസ്താൻ നയത്തിലും കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ നടത്തിയ വിമർശനത്തിന് മറുപടി പറയവേയാണ് ബിലാവൽ ഭൂട്ടോ ഇന്ത്യൻ പ്രധാനമന്ത്രിയെ കശാപ്പുകാരനോട് ഉപമിച്ചത്. ‘ബിൻ ലാദൻ കൊല്ലപ്പെട്ടു. പക്ഷെ ഗുജറാത്തിന്റെ കശാപ്പുകാരൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയുമാണ്’ ഇതായിരുന്നു ബിലാവലിന്റെ വാക്കുകൾ.
ന്യൂയോർക്കിലെ യുഎൻ പരിപാടിയിലായിരുന്നു പാക് മന്ത്രിയുടെ പരാമർശം. പ്രധാനമന്ത്രിയാകുന്നത് വരെ മോദിക്ക് ഈ രാജ്യം വിലക്കേർപ്പെടുത്തിയിരുന്നുവെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും ആർഎസ്എസുകാരാണെന്നും ഹിറ്റ്‌ലറിന്റെ എസ്എസിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതാണ് ആർഎസ്എസ് എന്നും ബിലാവൽ പരാമർശിച്ചിരുന്നു.
Discussion about this post