തിരുവനന്തപുരം: ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീനിയൻ ടീമിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ അഭിനന്ദനം. മെസ്സി വിശ്വ ഫുട്‌ബോളറാണെന്നും കരിയറിലെ ഏറ്റവും അമൂല്യമായ നേട്ടം കൈവരിച്ചാണ് അർജന്റീനയെ വിജയത്തിലേക്ക് നയിച്ചതെന്നും പിണറായി കുറിച്ചു.
അവസാന നിമിഷം വരെ ഉദ്വേഗജനകമായ മത്സരം ഖത്തർ ലോകകപ്പിനെ ഫിഫ ലോകകപ്പിലെ സമുജ്ജ്വല അധ്യായമാക്കി മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പിന്നിൽ നിന്നും തിരിച്ചു വന്നു പൊരുതിയ ഫ്രാൻസ് ഫൈനൽ മത്സരം ആവേശോജ്ജ്വലമാക്കിയെന്നും മുഖ്യമന്ത്രി കുറിച്ചു.
ഫുട്‌ബോൾ എന്ന മനോഹരമായ കളിയുടെ അതുല്യ ആവിഷ്‌കാകാരങ്ങളാണ് ഈ ടൂർണമെന്റിലുടനീളം കണ്ടത്. ഇനി അടുത്ത ലോകകപ്പിനായി നമ്മൾ ഫുട്‌ബോൾ പ്രേമികൾക്കു കാത്തിരിക്കാമെന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2 ന് തോൽപിച്ചാണ് അർജന്റീന വിജയികളായത്. എക്‌സ്ട്രാ ടൈമിൽ ഇരു ടീമുകളും മൂന്ന് ഗോളുകൾ നേടി തുല്യത പാലിച്ചതിനെ തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
Discussion about this post