കൊച്ചി; രണ്ട് ദിവസമായി സമൂഹമാദ്ധ്യമങ്ങളിലൂടെ ചലച്ചിത്ര പ്രേമികളെയും ലാലേട്ടൻ ആരാധകരെയും വട്ടം ചുറ്റിച്ച കൺഫ്യൂഷന് ഉത്തരമായി. മോഹൻലാലും ലിജോ ജോസ് പെല്ലിശേരിയും ഒരുമിക്കുന്ന ചിത്രത്തിന്റെ പേര് വൈകിട്ടോടെ പുറത്തുവന്നു. ‘മലൈക്കോട്ടൈ വാലിബൻ.
ടൈറ്റിൽ ഡിസൈനിന്റെ ചില ഭാഗങ്ങളുടെ ചിത്രങ്ങൾ പങ്കുവെച്ച് മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും രണ്ട് ദിവസം മുൻപ് മുതൽ ആരാധകരെ വട്ടം കറക്കി തുടങ്ങിയിരുന്നു. ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും പുറത്തുവിട്ട ചിത്രങ്ങൾക്ക് പിന്നാലെയായിരുന്നു ആരാധകർ.
ഒന്നിന് പിറകേ ഒന്നായി പുറത്തുവിട്ട ചിത്രങ്ങൾ ചലച്ചിത്ര ആസ്വാദകർക്കിടയിൽ വലിയ ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കുമാണ് വഴിയൊരുക്കിയത്. ആദ്യം മണൽതരികൾ നിരത്തിയിട്ടിരിക്കുന്നതായി തോന്നുന്ന പ്രതലത്തിന്റെ ചിത്രമായിരുന്നു.
കൃത്യമായ ഇടവേളിൽ ഇതിന്റെ തുടർ ചിത്രങ്ങൾ എത്തിയതോടെ സസ്‌പെൻസ് വിടാൻ അഭ്യർത്ഥിച്ച് ആരാധകരും ഇവരുടെ ഫേസ്ബുക്ക്, ഇൻസ്റ്റ പേജുകളിൽ തമ്പടിച്ചു. ഒടുവിൽ ഇന്ന് വൈകിട്ടോടെയാണ് മോഹൻലാൽ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടത്.
ഇരുവരും ഒരുമിക്കുന്നതായി നേരത്തെ തന്നെ വാർത്തകൾ പുറത്തുവന്നിരുന്നു. അന്ന് മുതൽ ആരാധകരും ആവേശത്തിലായിരുന്നു. അടുത്ത വർഷം മലയാള സിനിമ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ജനുവരി 10 ന് ചിത്രീകരണം ആരംഭിക്കും. പിഎസ് റഫീഖ് ആണ് തിരക്കഥ. ജോൺ ആന്റ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവർ ചേർന്നാണ് നിർമാണം.
Discussion about this post