ടോക്കിയോ: ജപ്പാനിൽ വീണ്ടും കോവിഡ് വ്യാപനം. ഏറ്റവും ഉയർന്ന പ്രതിദിന മരണസംഖ്യ രാജ്യത്ത് രേഖപ്പെടുത്തിയതായി ആരോഗ്യ വിദഗ്ധർ അറിയിച്ചു. 371 പേരാണ് ഒറ്റ ദിവസം കൊണ്ട് മരിച്ചത്. ഇതോടെ രാജ്യത്തെ മൊത്തം മരണസംഖ്യ 54,680 ആയി ഉയർന്നു.
2020 ൽ കോവിഡ് വ്യാപനം ഉണ്ടായ ശേഷം ഇത് എട്ടാം തരംഗമാണ് ജപ്പാനിൽ വ്യാപിക്കുന്നത്. ഇതുവരെയുളളതിൽ ഏറ്റവും ഉയർന്ന പ്രതിദിന മരണ നിരക്കാണിതെന്ന് അധികൃതർ അറിയിച്ചു. സെപ്തംബർ രണ്ടിന് 347 പേർ മരിച്ചിരുന്നു. ഈ കണക്കുകളാണ് മറികടന്നത്.
കനാഗാവയിലാണ് ഏറ്റവുമധികം ആളുകൾ മരിച്ചത്. 28 പേർ. പിന്നാലെ ഹൊക്കയാദോയിലും (25), ടോക്കിയോയിലും (24), ഒസാക്കയിലും (19) ഉയർന്ന മരണസംഖ്യ രേഖപ്പെടുത്തി.
വെളളിയാഴ്ച ജപ്പാനിൽ 1,71079 പേർക്കാണ് രോഗവ്യാപനം രേഖപ്പെടുത്തിയത്. കഴിഞ്ഞ വെളളിയാഴ്ചത്തെക്കാൾ 20,000 കേസുകൾ കൂടുതലാണിത്. മൊത്തം രോഗികളുടെ എണ്ണം ഇതോടെ 27, 939,118 ലെത്തി. ഇതിൽ 2,06,943 കേസുകൾ പുതിയ രോഗികളാണ്.
ചൈനയിൽ വീണ്ടും റിപ്പോർട്ട് ചെയ്ത കോവിഡ് വ്യാപനം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നുവെന്നതാണ് ജപ്പാനിലെ കണക്കുകൾ നൽകുന്ന സൂചന. രോഗവ്യാപനം വർദ്ധിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിരോധ നടപടികളും ഊർജ്ജിതമാക്കിയിട്ടുണ്ട്.
Discussion about this post