ഭുവനേശ്വർ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ കടുത്ത വിമർശകനും പാർലമെന്റ് അംഗവുമായ പവെൽ ആന്റോവ് ഒഡിഷയിൽ കൊല്ലപ്പെട്ടു. ഒഡിഷയിലെ റായഗഡ ഹോട്ടലിന്റെ മൂന്നാമത്തെ നിലയിൽ നിന്ന് വീണു മരിക്കുകയായിരുന്നു. മുകളിൽ നിന്ന് വീണ ആന്റോവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആന്റോവ് കെട്ടിടത്തിനു മുകളിൽ നിന്ന് ചാടി മരിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സൂചനകളുണ്ട്. ആന്റോവിന് ഒപ്പമുണ്ടായിരുന്ന മറ്റൊരു റഷ്യക്കാരനായ വ്ലാഡിമിർ നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം.
ഡിസംബർ 21 നായിരുന്നു റായഗഡ ഹോട്ടലിൽ നാല് റഷ്യക്കാർ മുറിയെടുത്തത്. ഇതിൽ ഒരാളായിരുന്ന വ്ലാഡിമിർ പിറ്റേന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. തുടർന്ന് പവെൽ ആന്റോവ് വളരെ ദുഖിതനായിരുന്നുവെന്നാണ് കിട്ടിയ വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് റായഗഡ എസ്.പി വിവേകാനന്ദ ശർമ്മ അറിയിച്ചു.
നാലുപേരും അമിതമായി മദ്യപിച്ചിരുന്നെന്ന് ഇവരുടെ ഗൈഡ് ജിതേന്ദ്ര സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തെ ഭീകര പ്രവർത്തനമെന്ന് ചൂണ്ടിക്കാട്ടി ആന്റോവ് പരസ്യമായി പ്രസ്താവന നടത്തിയിരുന്നു. പിന്നീട് പ്രസ്താവന തിരുത്തുകയും മാപ്പ് പറയുകയുമാണുണ്ടായത്.
വ്ലാഡിമിർ പുടിനെതിരെ ശബ്ദമുയർത്തുന്നവർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നത് ആദ്യമായല്ല. പുടിന്റെ കടുത്ത വിമർശകർ പല സ്ഥലത്തു വച്ചും അപകടങ്ങളിൽ പെട്ട് മരിച്ചിട്ടുണ്ട്. ആന്റോവിന്റെ മരണത്തിലും ദുരൂഹത സംശയിക്കുന്നുണ്ട്.











Discussion about this post