പന്തളം; പുതുവർഷ ദിനത്തിൽ പന്തളം കൊട്ടാരത്തിൽ അനുഗ്രഹം തേടിയെത്തി ഉണ്ണി മുകുന്ദനും മാളികപ്പുറം സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും. സിനിമയുടെ വൻ വിജയത്തിന് പിന്നാലെയാണ് തിരക്കഥാകൃത്ത് അഭിലാഷ് പിളളയും ബാലതാരങ്ങളായ ദേവനന്ദയും ശ്രീപദും ഉൾപ്പെടെയുളളവർ പന്തളം കൊട്ടാരത്തിലെത്തിയത്.
കൊട്ടാരം നിർവ്വാഹക സമിതിയുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിച്ചു. മാളികപ്പുറം ഇരുകയ്യും നീട്ടി സ്വീകരിച്ച കേരളത്തിലെ എല്ലാ കുടുംബ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായി ഉണ്ണി മുകുന്ദൻ പിന്നീട് ഫേസ്ബുക്കിൽ കുറിച്ചു. മാളികപ്പുറം എനിക്കൊരു നിയോഗമായിരുന്നു. അതുപോലെ അയ്യപ്പന്റെ ജന്മഗൃഹമായ പന്തളത്ത് എത്താനും തിരുവാഭരണം ദർശിക്കാനും സാധിച്ചത് ഒരു സുകൃതമായി കാണുന്നുവെന്നും ഫേസ്ബുക്ക് കുറിപ്പിൽ ഉണ്ണി മുകുന്ദൻ പറഞ്ഞു.
തന്റെ സിനിമാ ജീവിതത്തിൽ വലിയ ഓപ്പണിംഗ് തന്ന സിനിമയാണ് മാളികപ്പുറമെന്നും വലിയ വിജയമായി മാറാൻ പോകുകയാണെന്നും ഉണ്ണി മുകുന്ദൻ കൊട്ടാര സന്ദർശനത്തിന് ശേഷം മാദ്ധ്യമങ്ങളോട പ്രതികരിച്ചിരുന്നു. വെറുമൊരു സിനിമയായി മാളികപ്പുറത്തെ സമീപിച്ചിട്ടില്ല. എന്നെ സംബന്ധിച്ച് ഞാൻ വിശ്വസിക്കുന്ന അയ്യപ്പന് കൊടുക്കുന്ന സമർപ്പണമായിട്ടാണ് സിനിമയെ കണ്ടത്. കുടുംബപ്രേക്ഷകർക്ക് മനോഹരമായ സിനിമയാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
സിനിമ കാണാത്തവർ കുടുംബസമേതം തിയേറ്ററിൽ പോയി കാണുമെന്നു പ്രതീക്ഷിക്കുന്നതായി പറഞ്ഞുകൊണ്ടാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. കൊട്ടാരം സന്ദർശനത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Discussion about this post