ന്യൂഡൽഹി: ഒന്നാം നരേന്ദ്രമോദി സർക്കാർ കളളപ്പണത്തിനെതിരെ കൈക്കൊണ്ട ധീരമായ നടപടികളിൽ ഒന്നായ നോട്ട് നിരോധനം ശരിവെച്ച് സുപ്രീംകോടതി. സർക്കാർ തീരുമാനത്തിന്റെ സാധുത കോടതി ശരിവെക്കുകയായിരുന്നു. ജസ്റ്റീസ് എസ്.എ നസീർ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ആയിരം രൂപയുടെയും അതുവരെയുണ്ടായിരുന്ന 500 രൂപയുടെയും നോട്ടുകളാണ് 2016 നവംബർ എട്ടിന് കേന്ദ്രസർക്കാർ പിൻവലിച്ചത്. അസാധാരണമായ പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് രാജ്യത്തെ ഇക്കാര്യം അന്ന് അറിയിച്ചത്. കളളപ്പണവും തീവ്രവാദ പ്രവർത്തനങ്ങൾക്കായി പാക് അതിർത്തി കടന്ന് വൻതോതിൽ പണമൊഴുക്കുന്നതും നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് തീരുമാനമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
കേന്ദ്രസർക്കാരാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. അതുകൊണ്ടു തന്നെ സർക്കാർ തീരുമാനത്തിൽ പിഴവുണ്ടെന്ന് വിലയിരുത്താനാകില്ലെന്ന് ഭരണഘടനാ ബെഞ്ചിൽ അംഗമായിരുന്ന ജസ്റ്റീസ് ആർഎസ് ഗവായ് അഭിപ്രായപ്പെട്ടു. ആർബിഐയുമായി ആറ് മാസങ്ങളോളം നടത്തിയ ചർച്ചകൾക്കും ആശയവിനിമയങ്ങൾക്കും ഒടുവിലായിരുന്നു സർക്കാർ തീരുമാനം നടപ്പാക്കിയതെന്ന് ജസ്റ്റീസ് എസ്എ നസീർ ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ നടപടി ലക്ഷ്യം കണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ലെന്നും കോടതി പറഞ്ഞു.
ജസ്റ്റീസുമാരായ എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ, ബിവി നാഗരത്‌ന എന്നിവരായിരുന്നു ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങൾ. ബെഞ്ചിലെ ഒരംഗത്തിന്റെ വിയോജിപ്പോടെയാണ് വിധി പ്രസ്താവിച്ചത്.
Discussion about this post