പാകിസ്താനെ തിരിഞ്ഞ് കൊത്തി താലിബാൻ. പാക് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവനയെ പരഹസിച്ചുകൊണ്ടുള്ള താലിബാൻറെ ട്വീറ്റ് ചർച്ചയാകുന്നു. 1971 ഇന്ത്യാ പാക് യുദ്ധത്തിൽ ഇന്ത്യയോടുള്ള നാണം കെട്ട പരാജയത്തിനു ശേഷം സന്ധി ഒപ്പിടുന്ന പാകിസ്ഥാൻ ജനറലിൻ്റെ ചിത്രമാണ് താലിബാൻ നേതാവ് ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്.
പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ താലിബാൻ പ്രവർത്തനം നടത്തിയാൽ തിരിച്ചടിക്കും എന്ന പാക് ആഭ്യന്തരമന്ത്രി റാണാ സനൗള്ളയുടെ പ്രസ്താവനയ്ക്കെതിരെയാണ് താലിബാൻ നേതാവായ അഹമ്മദ് യാസിർ ട്വീറ്റ് ചെയ്തിരിക്കുന്നത്. താലിബാൻ്റെ വക്താവാണ് ദോഹ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അഹമ്മദ് യാസിർ.
“പ്രിയപ്പെട്ട പാകിസ്ഥാൻ ആഭ്യന്തരമന്ത്രി, ബഹുമാനപ്പെട്ട സാർ, സിറിയയിലെ കുർദുകളെ തുർക്കി ആക്രമിച്ച പോലെ ഞങ്ങളുടെ നേർക്ക് തിരിഞ്ഞു കളയാം എന്ന് കരുതരുത്. ഇത് അഫ്ഗാനിസ്ഥാനാണ്. പല മഹാസാമ്രാജ്യങ്ങളുടെയും ശവപ്പറമ്പാണിവിടം. താലിബാനെതിരെ സൈനിക ആക്രമണം നടത്താമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ 1971ൽ ഇന്ത്യയോട് യുദ്ധത്തിൽ തോറ്റ ശേഷം നാണം കെട്ട് സന്ധി ചെയ്യേണ്ടി വന്നതുപോലെ വരും എന്ന് ഓർത്തോളൂ” അഹമ്മദ് യാസിർ ട്വീറ്റ് ചെയ്തു. ട്വീറ്റിനോടൊപ്പം ഇന്ത്യൻ ആർമിയുടെ കിഴക്കൻ കമാൻ്റിൻ്റെ കമാൻഡറായ ജനറൽ ജഗ്ജിത് സിംഗ് അറോറയുടെ മുന്നിൽ പരാജയ സന്ധി ഒപ്പുവയ്ക്കുന്ന പാകിസ്ഥാൻ ജനറൽ അമീർ അബ്ദുള്ള ഖാൻ നിയാസിയുടെ ചിത്രവും അഹമ്മദ് യാസിർ പങ്കുവെച്ചിട്ടുണ്ട്.
1971ൽ ഇന്ത്യയോട് പരാജയപ്പെട്ട പാകിസ്ഥാൻ വിഭജിച്ച് ബംഗ്ളാദേശ് സ്വതന്ത്രമായിരുന്നു. അതുപോലെ ഇന്ന് താലിബാനുമായി യുദ്ധം നടത്തിയാൽ പാകിസ്ഥാൻ്റെ കൈയ്യിലുള്ള ഖൈബർ പക്തൂൺഖ്വാ തങ്ങൾ പിടിച്ചെടുക്കും എന്ന ധ്വനിയും ഈ ട്വീറ്റിലുണ്ട്. പാകിസ്ഥാൻ്റെ കൈയ്യിലാണെങ്കിലും അഫ്ഗാൻ സംസ്കാരം പിൻതുടരുന്നവരാണ് ഖൈബർ പക്തൂൺഖ്വായിലുള്ളത്. പാകിസ്ഥാനിൽ നിന്ന് സ്വതന്ത്രമായി പുതിയ രാജ്യം സ്ഥാപിക്കുകയോ അഫ്ഗാനിസ്ഥാനോടൊപ്പം ചേരുകയോ വേണമെന്ന് വാദിക്കുന്നവരാണ് ആ പ്രദേശവാസികളിൽ ഭൂരിഭാഗവും. താലിബാൻ്റെ പ്രവർത്തനം അവിടെ വളരെ കൂടുതലുമാണ്. 1971ൽ ഇന്ത്യയോട് തോൽവി ഉണ്ടായി പാകിസ്ഥാൻ പിളർന്ന് ബംഗ്ളാദേശ് സ്വതന്ത്രമായത് പോലെ ഈ പ്രദേശവും സ്വതന്ത്രമാക്കുമെന്ന ഭീഷണിയാണ് താലിബാൻ പാകിസ്ഥാന് നൽകുന്നത്.
രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ ഏറ്റവും വലിയ സൈനിക പരാജയങ്ങളിലൊന്നാണ് 1971ലെ പാകിസ്ഥാൻ്റെ പരാജയം. 93,000 പാകിസ്ഥാൻ പട്ടാളക്കാരാണ് ഇന്ത്യൻ സൈനികർക്ക് മുന്നിൽ ആയുധങ്ങൾ അടിയറ വച്ച് സന്ധി ചെയ്തത്. ബംഗ്ളാദേശ് എന്ന പുതിയ രാജ്യത്തിന് പാകിസ്ഥാന് സ്വാതന്ത്ര്യം നൽകേണ്ടിയും വന്നു.
1990 കളിൽ അഫ്ഗാനിസ്ഥാനിലെ ഇടത് ഗവണ്മെൻ്റിനെതിരെ അമേരിക്കൻ സഹായത്തോടെ താലിബാനെ ഉണ്ടാക്കി വിട്ടത് പാകിസ്ഥാനായിരുന്നു. 2021 ൽ അഫ്ഗാനിസ്ഥാനിലെ ജനാധിപത്യ ഗവണ്മെൻ്റിനെ അട്ടിമറിച്ച് രണ്ടാം തവണ താലിബാൻ അധികാരം പിടിച്ചെടുത്തപ്പോഴും അവരെ ഇരുകൈകളും നീട്ടി സ്വാഗതം ചെയ്ത ആദ്യത്തെ രാജ്യമാണ് പാകിസ്ഥാൻ. 2021 ൽ കാബൂൾ പിടിച്ചെടുത്തതിനു തൊട്ടു പിന്നാലേ പാകിസ്ഥാൻ ഇൻ്റലിജൻസ് മേധാവി കാബൂളിലെത്തി വിജയാഘോഷങ്ങളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
പാകിസ്ഥാനെതിരെ തന്നെ താലിബാൻ തിരിയുമ്പോൾ കർമ്മഫലം അനുഭവിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നും സൃഷ്ടാവായ മന്ത്രവാദിയെത്തന്നെ പിശാച് പിടിച്ചു തിന്നാൻ പോകുന്നുവെന്നുമാണ് സാമൂഹ്യമാധ്യമങ്ങളിൽ കുറിപ്പുകൾ നിറയുന്നത്. പ്രശസ്ത സാമ്പത്തികശാസ്ത്രജ്ഞനും യുക്തിവാദിയും അമേരിക്കയിലെ മക്ഗിൽ സർവകലാശാല പ്രൊഫസറുമായ അഫ്ഗാൻ വംശജൻ പ്രൊഫസർ അബ്ദുൾ കിതാബി ഇന്ത്യൻ സൈനികർ കെട്ടിയിട്ട് അടിയ്ക്കുന്ന പാകിസ്ഥാൻ പട്ടാളക്കാരുടെ ചിത്രങ്ങളാണ് പങ്കുവച്ചത്.
എന്നാൽ കാശ്മീരിൽ നിന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ ശ്രദ്ധേയയായ എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയുമായ യാനാ മിർ ഇങ്ങനെ കുറിച്ചു,“പ്രിയപ്പെട്ട സർ (താലിബാൻ നേതാവ് അഹമ്മദ് യാസിർ), നിങ്ങളെ (താലിബാനെ) എൻ്റെ ഭാരതീയ സൈനിക സഹോദരരോട് താരതമ്യപ്പെടുത്തരുത്. നൈതികതയിലോ, യുദ്ധ തന്ത്രങ്ങളിലോ അകത്തും പുറത്തുമുള്ള ശക്തിയിലോ അവരോടൊപ്പം എത്തണമെങ്കിൽ നിങ്ങൾക്ക് പല ജന്മങ്ങൾ ജനിക്കേണ്ടി വരും”












