തിരുവനന്തപുരം : സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നത് പരിഗണനയില്‍. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്. വിഷയം ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുമായി ഈ മാസം പത്തിന് ചര്‍ച്ച ചെയ്യും.
രണ്ടാം ശനിയാഴ്ച നേരത്തെ തന്നെ അവധിയാണ്.കേന്ദ്രസര്‍ക്കാര്‍ മാതൃകയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ പുതിയൊരു രീതിയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇതിനുള്ള നിര്‍ദേശം ചീഫ് സെക്രട്ടറി തലത്തില്‍ തയ്യാറാക്കി മുഖ്യമന്ത്രിക്ക് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ചകള്‍ നടത്താനാണ് തീരുമാനം. നാലാം ശനിയാഴ്ച പ്രവൃത്തി ദിവസമായാല്‍ സര്‍ക്കാരിന് സാമ്പത്തിക ലാഭമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
നാലാം ശനി അവധി നല്‍കുമ്പോള്‍ പ്രവൃത്തി സമയത്തില്‍ മാറ്റം വരുത്തി ജോലി സമയം ക്രമീകരിക്കും. നിലവിലെ 10.15 മുതല്‍ 5.15 വരെ യാണ് സമയക്രമം. ഇത് ശുപാര്‍ശ നടപ്പിലായാല്‍ ഒരു മണിക്കൂര്‍ വര്‍ധിപ്പിച്ച് രാവിലെ 9.15 മുതല്‍ 5.15 വരെയായി ജോലി സമയം ക്രമീകരിക്കും. ഒപ്പം സർക്കാർ ഉദ്യോഗസ്ഥർ മരിച്ചാൽ, ഒരു വർഷത്തിനകം നിയമനം സ്വീകരിക്കാൻ തയാറുള്ള ആശ്രിതർക്ക് മാത്രം ജോലി നൽകാനും ആലോചനയുണ്ട്.
മറ്റുള്ളവർക്ക് 10 ലക്ഷം രൂപ നൽകാനാണ് സെക്രട്ടറിതല കമ്മിറ്റിയുടെ ശുപാർശ. വിവിധ വകുപ്പുകളിലെ തസ്തികകളിൽ ഓരോ വർഷവും ഉണ്ടാകുന്ന ഒഴിവുകളുടെ 5% മാത്രമേ ആശ്രിത നിയമനത്തിലൂടെ നടത്താവൂ എന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിധിക്കെതിരെ സർക്കാർ ഹർജി നൽകിയെങ്കിലും കോടതി തള്ളി. വീണ്ടും കോടതിയെ സമീപിക്കാൻ കഴിയില്ലെന്നാണ് സർക്കാരിനു ലഭിച്ച നിയമോപദേശം.












Discussion about this post