തിരുവനന്തപുരം: അവിവാഹിതകളായ താമസക്കാർ രണ്ടുമാസത്തിനകം ഫ്‌ളാറ്റ് ഒഴിയണമെന്ന് നിർദ്ദേശം നൽകിയ സംഭവത്തിൽ വഴിത്തിരിവ്. സംഭവത്തിൽ യുവതികൾക്ക് പിന്തുണയുമായി ഫ്‌ളാറ്റ് ഉടമ രംഗത്തെത്തി. ഫ്ളാറ്റിലെ താമസക്കാരായ ഗോപികയോടും ദുർഗയോടും ഒഴിയേണ്ടതില്ലെന്ന് ഫ്ളാറ്റ് ഉടമ അറിയിച്ചു.
എന്നാൽ ഉടമ യുവതികളെ അനുകൂലിച്ചിട്ടും നടപടികളിൽ നിന്ന് പിന്നോട്ടില്ലെന്നാണ് അസോസിയേഷൻ തീരുമാനം. പുറത്തിറക്കിയ വിവാദ സർക്കുലർ ഇവർ പിൻവലിച്ചിട്ടില്ല.
അതേസമയം സദാചാര വിലക്കേർപ്പെടുത്തിയ ഫ്‌ളാറ്റ് മടുത്തുവെന്നും താമസം മാറാൻ പോവുകയാണെന്നും യുവതികൾ പറയുന്നു. സദാചാര ഗുണ്ടായിസത്തിനെതിരെ പരാതി നൽകുമെന്നും കുടുംബവുമായി കൂടിയാലോചിച്ച് നിയമനടപടികളിലേക്ക് നീങ്ങുമെന്നും യുവതികൾ വ്യക്തമാക്കി.
അവിവാഹിതർ എതിർ ലിംഗക്കാരെ ഫ്ളാറ്റിൽ പ്രവേശിപ്പിക്കരുതെന്നും രക്തബന്ധത്തിലുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനമെന്നും വ്യക്തമാക്കുന്ന സർക്കുലറാണ് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചത്. ഇവിടുത്തെ ആറ് ഫ്ളാറ്റുകളിൽ അവിവാഹിതർ താമസിക്കുന്നുണ്ട്. ഇവർക്ക് വാട്സാപ്പ് വഴിയും അസോസിയേഷൻ സർക്കുലർ അയച്ചുനൽകിയിരുന്നു. സുഹൃത്തുക്കൾ എത്തിയാൽ ഫ്ളാറ്റിന്റെ താഴത്തെ നിലയിൽവെച്ച് മാത്രം അവരെ കാണാനാണ് അനുമതി. ഈ ഫ്ളാറ്റ് സമുച്ചയം കുടുംബമായി താമസിക്കുന്നവർക്ക് ഉള്ളതാണെന്നാണ് സർക്കുലറിൽ അസോസിയേഷന്റെ വാദം.
Discussion about this post