ബംഗളൂരു: മത-രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐയെ നിരോധിക്കണമെന്ന ആവശ്യവുമായി ബിജെപി. 2020 ൽ കെജി ഹള്ളിയിലും, ഡിജെ ഹള്ളിയിലുമുണ്ടായ കലാപങ്ങളിൽ സംഘടനയുടെ പങ്ക് വ്യക്തമായതിന് പിന്നാലെയാണ് നിരോധനം വേണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത് എത്തിയത്. എസ്ഡിപിഐക്കാരുടെ പ്രവർത്തനങ്ങൾ ഭീകരരുടേതിന് സമാനമാണെന്നും ബിജെപി വ്യക്തമാക്കി.
ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവിയാണ് നിരോധനം വേണമെന്ന ആവശ്യവുമായി രംഗത്ത് എത്തിയത്. കെജി ഹള്ളിയിലും, ഡിജെ ഹള്ളിയിലും നിമിഷങ്ങൾ കൊണ്ടാണ് മതതീവ്രവാദികൾ സംഘടിച്ചതും ആക്രമണം നടത്തിയതുമെന്നും അദ്ദേഹം പറഞ്ഞു. 20 മണിക്കൂറുകൾക്കുള്ളിൽ പ്രദേശത്ത് കലാപം പൊട്ടിപ്പുറപ്പെട്ടു. ഇതെല്ലാം പെട്ടെന്ന് നടന്നതാണെന്ന് വിശ്വസിക്കാൻ കഴിയുമോ?. ഇതെല്ലാം എന്തുകൊണ്ട് നേരത്തെ നടത്തിയ ആസൂത്രണം ആയിക്കൂട?. എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് തീവ്രവാദികളാണ് അക്രമങ്ങൾക്ക് പിന്നിലെന്ന് ബിജെപി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത് സത്യമെന്ന് തെളിയിക്കുന്ന വസ്തുതകൾ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഇതാണ് എസ്ഡിപിഐയെ നിരോധിക്കാനുള്ള ഏറ്റവും ഉചിതമായ സമയമെന്നും സി.ടി രവി കൂട്ടിച്ചേർത്തു.
രാഷ്ട്രീയ സംഘടനയെന്ന് മേനിനടിക്കുന്ന എസ്ഡിപിഐയുടെ പ്രവർത്തനം ഭീകരരുടേതിന് സമാനമാണ്. ആളുകളുടെ മനസ്സിൽ ഭീകരത വളർത്തുന്നതിനുള്ള ആസൂത്രണങ്ങൾ എസ്ഡിപിഐ തുടർന്നുകൊണ്ടേയിരിക്കുന്നു. ഇത് തിരിച്ചറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
2020 ഓഗസ്റ്റ് 12 നായിരുന്നു ബംഗളൂരുവിൽ എസ്ഡിപിഐ- പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ നേതൃത്വത്തിൽ കലാപമുണ്ടായത്. കോൺഗ്രസ് എംഎൽഎയായ ആർ അഖണ്ഡ ശ്രീനിവാസിന്റെ സഹോദരീ പുത്രൻ മുഹമ്മദ് നബിയ്‌ക്കെതിരെ സമൂഹമ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന്റെ പേരിൽ സംഘം ചേർന്നെത്തിയ മതതീവ്രവാദികൾ വലിയ ഭീകരതയാണ് സൃഷ്ടിച്ചത്.
Discussion about this post