കോഴിക്കോട് : അറബി അദ്ധ്യാപകന്റെ ക്രൂര മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം. പിടിഎംഎച്ച് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് പരിക്കേറ്റത്. അറബിക് അദ്ധ്യാപകൻ കമറുദ്ദീൻ കുട്ടിയെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. സംഭവത്തിൽ മുക്കം പോലീസ് കമറുദ്ദീനെതിരെ കേസെടുത്തു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. ക്ലാസിൽ എഴുന്നേറ്റ് നിന്നുവെന്ന് ആരോപിച്ചാണ് അദ്ധ്യാപകൻ മാഹിനെ മർദ്ദിച്ചത്. വരാന്തയിൽ കൂടി പോകുകയായിരുന്ന അദ്ധ്യാപകൻ, മാഹിൻ എഴുന്നേറ്റ് നിൽക്കുന്നത് കണ്ട് ക്ലാസിൽ കയറി മർദ്ദിക്കുകയായിരുന്നു. തോളിലെ പേശികളിൽ ചതവേറ്റിട്ടുണ്ട്.
വീട്ടിലെത്തിയ കുട്ടിക്ക് രാത്രിയോടെ വേദന കൂടി. തുടർന്ന് അപ്പോൾ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സംഭവം ചോദ്യം ചെയ്യാൻ രക്ഷിതാക്കൾ സ്കൂളിൽ എത്തിയെങ്കിലും, അദ്ധ്യാപകർ കമറുദ്ദീനെ ന്യായീകരിക്കാനാണ് ശ്രമിച്ചത് എന്ന് മാഹിന്റെ പിതാവ് പറയുന്നു. സംഭവത്തിൽ ഐപിസി 341, 323 എന്നീ വകുപ്പുകൾ പ്രകാരം കമറുദ്ദീനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post