തൃശൂർ: പാവറട്ടിയിൽ ജൂനിയർ വിദ്യാർത്ഥിയ്ക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. വെന്മേനാട് എംഎഎസ്എം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി നിഹാലിനാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്. സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് നിഹാൽ.
ഉച്ചയോടെയായിരുന്നു സംഭവം. നിഹാൽ സ്‌കൂളിലേക്ക് ഷൂ ധരിച്ച് എത്തിയതായിരുന്നു പ്ലസ് ടു വിദ്യാർത്ഥികളെ ചൊടിപ്പിച്ചത്. ഉച്ചഭക്ഷണത്തിന് ശേഷമുള്ള ഇടവേളയ്ക്കിടെ നിഹാലിനെ തടഞ്ഞുവച്ച പ്ലസ് ടു വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നു.
30 പേർ ചേർന്നാണ് മർദ്ദിച്ചത് എന്നാണ് നിഹാൽ പറയുന്നത്. ആക്രമണത്തിൽ കുട്ടിയുടെ ഇടത് കണ്ണിന് മുകളിൽ സാരമായ പരിക്കുണ്ട്. ഇടിക്കട്ട പോലെയുള്ള ആയുധം കൊണ്ടായിരുന്നു ആക്രമണം. കുട്ടി പാവറട്ടി സാൻ ജോസ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിയുന്നത്. നിഹാലിന്റെയും കുടുംബത്തിന്റെയും പരാതിയിൽ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ സ്‌കൂളും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.












