കൊച്ചി: കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനിടെ എൻഐഎ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് ഭീകരൻ മുഹമ്മദ് മുബാറക്കുമായി കൊച്ചിയിൽ തെളിവെടുപ്പ്. ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത മഴു ഉൾപ്പെടെയുളള ആയുധങ്ങൾ വാങ്ങിയ എറണാകുളം മാർക്കറ്റിലെ കടകളിലടക്കമാണ് തെളിവെടുപ്പിന് എത്തിച്ചത്.
എൻഐഎ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിലാണ് പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ആയുധ പരിശീലകനായിരുന്ന മുബാറക് പിടിയിലായത്. റെയ്ഡിനിടെ വീട്ടിൽ നിന്നും കണ്ടെടുത്ത മഴുവിന് സമാനമായ ആയുധം വാങ്ങിയത് ജ്യുവൽ സ്ട്രീറ്റ് റോഡിലെ കടയിൽ നിന്നാണ്. ബാഡ്മിന്റൺ റാക്കറ്റിന്റെ കവറിനുളളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആയുധം സൂക്ഷിച്ചിരുന്നത്.
എറണാകുളം വൈപ്പിൻ എടവനക്കാട് സ്വദേശിയാണ് മുഹമ്മദ് മുബാറക്. ആയുധ പരിശീലനം നേടിയ ഇയാൾ പോപ്പുലർ ഫ്രണ്ട് സ്ക്വാഡിലെ അംഗങ്ങളെ പരിശീലിപ്പിച്ചതായും എൻഐഎ കണ്ടെത്തിയിരുന്നു. ഇയാളെ അഞ്ച് ദിവസത്തേക്ക് തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനുമായി എൻഐഎയുടെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
വ്യാഴാഴ്ച പുലർച്ചെ നാല് മണിക്കാണ് എൻഐഎ സംഘം മുബാറക്കിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത്. 20 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post