തിരുവനന്തപുരം: കാസർകോട് കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തിൽ അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണർക്ക് നിർദ്ദേശം നൽകി. തലക്ലായിൽ സ്വദേശിനിയായ അഞ്ജുശ്രീ പാർവ്വതിയാണ് കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.
അന്വേഷണത്തിന് ഉത്തരവിട്ടതിന് പുറമേ ഹോട്ടലിൽ നിന്നും മറ്റ് ആർക്കെങ്കിലും സമാനമായ രീതിയിൽ ഭക്ഷ്യ വിഷബാധയേറ്റിട്ടുണ്ടോയെന്ന കാര്യം പരിശോധിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ ഹോട്ടലുകളിൽ പരിശോധന ശക്തമാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
ഭക്ഷണത്തിൽ മായം കലർത്തുന്നവർക്കെതിരെ കർശന വകുപ്പുകൾ ചുമത്തി കേസ് എടുക്കുമെന്ന് വീണാ ജോർജ് പറഞ്ഞു. സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നതിനായി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഉടൻ രൂപീകരിക്കും. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോർട്ടനുസരിച്ച് തുടർ നടപടികൾ സ്വീകരിക്കുമെന്നും വീണാ ജോർജ് വ്യക്തമാക്കി.
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചതിന് പിന്നാലെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിവരികയാണ്. ഇതേ തുടർന്ന് കൊച്ചി നഗരത്തിൽ മാത്രം 36 ഹോട്ടലുകൾക്കെതിരെ നടപടി സ്വീകരിച്ചു. കഴിഞ്ഞ ദിവസം വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ച 162 സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ ഭക്ഷ്യവിഷബാധയേൽക്കുമ്പോൾ മാത്രം പരിശോധനയുമായി രംഗത്ത് എത്തുന്ന ആരോഗ്യവകുപ്പിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ആരോഗ്യവകുപ്പ് ഉണർന്ന് പ്രവർത്തിക്കാൻ ജനങ്ങൾ ജീവൻ വെടിയണോയെന്നാണ് ഉയരുന്ന ചോദ്യം.
Discussion about this post