ന്യൂഡൽഹി: പുതുവർഷപ്പുലരിയിൽ ഡൽഹിയിൽ പെൺകുട്ടിയെ കാറിൽ വലിച്ചിഴച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവ്. പെൺകുട്ടിയുടെ ഒപ്പമുണ്ടായിരുന്ന സുഹൃത്തും സാക്ഷിയുമായ നിധി, മുൻപ് മയക്കുമരുന്നുകടത്ത് കേസിൽ അറസ്റ്റിലായിരുന്നതായി ഡൽഹി പോലീസ് വ്യക്തമാക്കി.
മയക്കുമരുന്ന് കടത്ത് കേസിൽ 2020 ഡിസംബറിൽ അറസ്റ്റിലായിരുന്ന നിധി നിലവിൽ ജാമ്യത്തിലാണ്. തെലങ്കാനയിൽ നിന്നും കൊണ്ടുവന്ന മയക്കുമരുന്നുമായി ആഗ്ര റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു ഇവർ അറസ്റ്റിലായത്. അന്ന് നിധിക്കൊപ്പം സമീർ, രവി എന്നിവരും കഞ്ചാവുമായി പിടിയിലായിരുന്നു.
അതേസമയം, ഡൽഹി കേസിൽ നിധിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. കേസിൽ അവരെ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും പോലീസ് അറിയിച്ചു. നിധിയെ അറസ്റ്റ് ചെയ്തു എന്ന മാദ്ധ്യമ പ്രചാരണങ്ങൾ വ്യാജമാണെന്നും ഡൽഹി പോലീസ് കൂട്ടിച്ചേർത്തു.
അപകടം നടന്ന രാത്രിയിൽ കൊല്ലപ്പെട്ട അഞ്ജലി മദ്യപിച്ചിരുന്നതായി ഒപ്പമുണ്ടായിരുന്ന നിധി വെളിപ്പെടുത്തി. മദ്യപിച്ചിട്ടുണ്ടായിരുന്നെങ്കിലും സ്കൂട്ടർ ഓടിക്കണമെന്ന് അവൾ വാശി പിടിച്ചു. ഇടിച്ച കാറിനടിയിൽ അവൾ കുടുങ്ങിയപ്പോൾ താൻ ഭയപ്പെട്ടുവെന്നും ആരോടും പറയാതെ വീട്ടിലെത്തിയ താൻ, ക്ഷീണവും ഭയവും കാരണം ഉറങ്ങിപ്പോയെന്നും നിധി പോലീസിനോട് പറഞ്ഞു.
ജനുവരി 1നാണ് അഞ്ജലി സിംഗിന്റെ മൃതദേഹം ഡൽഹിയിൽ നിന്നും കണ്ടെടുത്തത്. അവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിച്ച കാറിനടിയിലേക്ക് വീണ അഞ്ജലിയെയും വഹിച്ച്, കാർ പന്ത്രണ്ട് കിലോമീറ്ററോളം സഞ്ചരിച്ചു. ഇതിനിടെ അഞ്ജലിയുടെ മരണം സംഭവിക്കുകയായിരുന്നു.
Discussion about this post