റാഞ്ചി: 13 സുരക്ഷാ സൈനികരുടെ വീരമൃത്യുവിന് കാരണമായ 2006ലെ ബൊക്കാറൊ സ്ഫോടനക്കേസിലെ മുഖ്യസൂത്രധാരനും കമ്മ്യൂണിസ്റ്റ് ഭീകരനുമായ ചന്ദ്ര മാഞ്ചി എന്ന രാമചന്ദ്ര സോറൻ അറസ്റ്റിലായി. ഝാർഖണ്ഡിൽ നിന്നുമാണ് ഇയാൾ പിടിയിലായത്.
ഉപാർ ഘട്ടിലെ ജമുനിയ വനമേഖലയിൽ മാഞ്ചിയുടെ സാന്നിദ്ധ്യമുള്ളതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് അറസ്റ്റ്.
സൈനികരെ ആക്രമിച്ചതിന് പുറമെ ബൊക്കാറൊ താപവൈദ്യുത നിലയത്തിൽ സ്ഫോടക വസ്തു സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കേസും മാഞ്ചിക്കെതിരെ നിലവിലുണ്ട്. 2014ൽ നിയമസഭാ തിരഞ്ഞെടുപ്പിനിടെ സ്ഫോടനം നടത്തിയ കേസിലും 2015ൽ വിഷ്ണുഘട്ടിൽ സ്ഫോടക വസ്തു സ്ഥാപിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് ഝാർഖണ്ഡ് പോലീസ് പറഞ്ഞു.
കോടതിയിൽ ഹാജരാക്കിയ ചന്ദ്ര മാഞ്ചിയെ റിമാൻഡ് ചെയ്തിരിക്കുകയാണ്. മാഞ്ചിയുടെ അറസ്റ്റിന് മുന്നോടിയായി 8 കമ്മ്യൂണിസ്റ്റ് ഭീകരർ പോലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. കീഴടങ്ങിയവരെല്ലാം സിപിഐ (മാവോയിസ്റ്റ്) സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗങ്ങളാണ്.
Discussion about this post