ന്യൂഡൽഹി: ക്രൂയിസ് ടൂറിസത്തിലേക്കും ചുവടുവയ്ക്കാനൊരുങ്ങി ഇന്ത്യ. ജലപാതകളുടെ വികസനത്തോടെ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിവർ ടൂറിസം ക്രൂയിസ് യാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ പോവുകയാണ് ഇന്ത്യ. ജനുവരി 13 ന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഗംഗാവിലാസിന്റെ യാത്രയ്ക്ക് ഓൺലൈനിലൂടെ ഫ്‌ളാഗ് ഓഫ് കർമ്മം നിർവഹിക്കുന്നത്.
വാരണാസിയിലെ സന്ത് രവിദാസ് ഘട്ടിൽ നിന്ന് ബ്രഹ്മപുത്ര നദീതീരത്തുള്ള ദിബ്രു ഗഡിലേക്കാണ് യാത്ര. 4,000 ത്തോളം കിലോമീറ്റർ ദൈർഘ്യമുള്ളതാണ് യാത്ര. 50 ദിവസത്തിനുള്ളിൽ ഗംഗാ-ഭാഗീരഥി-ഹൂഗ്ലി, ബ്രഹ്‌മപുത്ര, വെസ്റ്റ് കോസ്റ്റ് കനാൽ എന്നിവയുൾപ്പെടെ ഇന്ത്യയിലെ 27 നദീതടങ്ങളിലൂടെയാണ് ആഡംബര കപ്പൽ കടന്നുപോകുന്നത്.
വാരാണസിയിൽനിന്ന് ഗാസിപ്പുർ വഴി ഗംഗയിലൂടെ ബിഹാറിലെ ബക്‌സറിലെത്തി അവിടെനിന്ന് എട്ടാം ദിവസം പട്നയിലെത്തും. തുടർന്ന് പശ്ചിമ ബംഗാളിലെ ഫരാക്ക, മുർഷിദാബാദ് എന്നിവിടങ്ങളിലൂടെ 20ാം ദിവസം കൊൽക്കത്തയിലെത്തും. അവിടെ നിന്ന് ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലേക്ക് പുറപ്പെടുന്ന ആഡംബര നൗക അവിടെനിന്ന് അസമിലെ ഗുവാഹട്ടിയിലെത്തിയ ശേഷം സിബസാഗറിലൂടെ ദിബ്രുഗഡിലെത്തും. ദിബ്രുഗഡ് ജില്ലയിലെ ബോഗിബീലിൽ മാർച്ച് ആദ്യ ആഴ്ചയിൽ എത്തുന്ന വിധമാണ് യാത്ര സജ്ജീകരിച്ചിട്ടുള്ളത്.
18 സ്യൂട്ടുകളും ആവശ്യമായ എല്ലാ സൗകര്യങ്ങളുമുള്ള ആഡംബര കപ്പലാണ് ഗംഗാവിലാസ്. ഒരേ സമയം 80 പേർക്ക് ഉല്ലാസ നൗകയിൽ യാത്ര ചെയ്യാം. ഇവർ 50 ടൂറിസം കേന്ദ്രങ്ങളിലൂടെ കടന്നാണ് പോകുന്നത്. വാരാണസിയിലെ ഗംഗാ ആരതിയും കാസിരംഗ ദേശീയോദ്യോനവും സുന്ദർബൻ ഡെൽറ്റയും ഉൾപ്പെടെയാണിത്. ബംഗ്ലദേശിലെ പുരാതന നഗരങ്ങളിലൊന്നായ, ഇന്ന് പ്രേതനഗരം എന്നും അറിയപ്പെടുന്ന സൊനാർഗോവോൺ, 1400കളിൽ നിർമിച്ച സിക്സ്റ്റി ഡോം മോസ്‌ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളും സന്ദർശിക്കും.
കപ്പലിൽ ആഡംബര റെസ്റ്റോറൻറ്, സ്പാ, സൺഡെക്ക് എന്നിവയുണ്ട്. പ്രധാന ഡെക്കിലെ 40 സീറ്റുകളുള്ള റെസ്റ്റോറൻറിൽ കോണ്ടിനെൻറൽ, ഇന്ത്യൻ വിഭവങ്ങൾ അടങ്ങിയ ബുഫെ കൗണ്ടറുകളുണ്ട്. സംഗീത, സാംസ്‌കാരിക പരിപാടികൾ, ബാർ, ജിം, സ്പാ, കാഴ്ചകൾ കാണാനുള്ള തുറന്ന ഡെക്, ബട്‌ലറുടെ സേവനം തുടങ്ങിയെല്ലാം കപ്പലിൽ ലഭ്യമാണ്.
Discussion about this post