പാലക്കാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന കാറിൽ കയറിയ കൂറ്റൻ രാജവെമ്പാലയെ പിടികൂടി. പാലക്കാട് ജില്ലയിലെ വടക്കഞ്ചേരിയിലാണ് സംഭവം. പാലക്കുഴി മുണ്ടപ്ലാക്കൽ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിലാണ് ഏകദേശം 10 വയസ്സ് തോന്നിക്കുന്ന ആൺ രാജവെമ്പാല കയറിക്കൂടിയത്.
കഴിഞ്ഞ രണ്ട് ദിവസമായി കാർ ഉപയോഗിച്ചിരുന്നില്ല. കാറിനുള്ളിൽ നിന്ന് ശബ്ദം കേട്ട് പരിശോധിച്ചപ്പോഴാണ് കാറിനുള്ളിൽ രാജവെമ്പാലയെ കണ്ടെത്തിയത്. കുഞ്ഞുമോൻ ഉടനെ തന്നെ വിവരം വനം വകുപ്പിനെ അറിയിച്ചു. കാറിന്റെ ഡോർ തുറന്ന് പരിശോധിച്ചെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താനായില്ല.
രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് ഒടുവിൽ പാമ്പിനെ പിടികൂടുന്നത്. വടക്കഞ്ചേരി സ്വദേശിയായ മുഹമ്മദാലിയാണ് രാജവെമ്പാലയെ പിടികൂടിയത്. കാറിന്റെ മുൻഭാഗത്തായിരുന്നു പാമ്പ് പതുങ്ങിയിരുന്നത്. വടക്കഞ്ചേരി വനപാലകസംഘമാണ് രാജവെമ്പാലയെ കൂട്ടിലാക്കുന്ന ദൗത്യത്തിന് നേതൃത്വം നൽകിയത്.
Discussion about this post