കൊച്ചി: സ്കൂൾ കലോത്സവങ്ങളിൽ ഹലാൽ ഭക്ഷണം നൽകാൻ തീരുമാനിച്ചാൽ തടയുമെന്ന് ഹിന്ദു ഐക്യവേദി. സ്കൂൾ കലോത്സവത്തിൽ 16 വർഷമായി കലവറ കൈകാര്യം ചെയ്തിരുന്ന പഴയിടം മോഹനൻ നമ്പൂതിരിക്കെതിരെ അനാവശ്യ വിവാദമുണ്ടാക്കുകയും ഇനി കരാർ ഏറ്റെടുക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് ഹിന്ദു ഐക്യവേദി സംസ്ഥാന വക്താവ് ആർവി ബാബു ഫേസ് ബുക്ക് പോസ്റ്റിലൂടെ നിലപാട് വ്യക്തമാക്കിയത്.
കേരളത്തിലെ ഹിന്ദു ഫോബിയയുടെ ഇരയാണ് പഴയിടം മോഹനൻ നമ്പൂതിരിയെന്ന് ആർവി ബാബു നേരത്തെ പ്രതികരിച്ചിരുന്നു. കോഴിക്കോട് കലോത്സവത്തിനിടെ
വിഭവങ്ങളിൽ നോൺ വെജ് ഉൾപ്പെടുത്തണമെന്ന് വാദിച്ച് നടന്ന അഭിപ്രായങ്ങളാണ് പഴയിടത്തിന്റെ പിൻമാറ്റത്തിലേക്ക് നയിച്ചത്.
നോൺ വെജ് ഉൾപ്പെടുത്താത്തത് ബ്രാഹ്മണിക്കൽ ഹെജിമണിയാണെന്ന മുൻ മാദ്ധ്യമ പ്രവർത്തകൻ അരുൺ കുമാറിന്റെ ആരോപണം സമൂഹമാദ്ധ്യമങ്ങളിലും പൊതു സമൂഹത്തിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ അടുത്ത വർഷം മുതൽ നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടിയും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പഴയിടത്തിന്റെ പിൻമാറ്റം.
വിവാദങ്ങൾക്ക് പിന്നിൽ അജണ്ട ഉണ്ടെന്നും അല്ലെങ്കിൽ ഈ സമയത്ത് വിവാദങ്ങൾ ഉയർന്നു വരേണ്ട കാര്യമില്ലെന്നും മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ പഴയിടം പറഞ്ഞിരുന്നു. തന്നെ ജാതീയമായി ചെളിവാരി എറിയുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Discussion about this post