കാസർകോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ പെൺകുട്ടി മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. തലക്ലായ് സ്വദേശിനി അഞ്ജുശ്രീ പാർവ്വതി മരിച്ചത് ശരീരത്തിൽ വിഷാംശം എത്തിയതിനെ തുടർന്നാണെന്നാണ് വിവരം. പോസ്റ്റ്‌മോർട്ടത്തിലാണ് നിർണായക കണ്ടെത്തൽ. ഭക്ഷ്യവിഷബാധയാണ് മരണത്തിന് കാരണം എന്നായിരുന്നു പ്രാഥമിക നിഗമനം.
ശരീരത്തിലെത്തിയ വിഷം കരളിനെ ബാധിച്ചു. ഇതേ തുടർന്ന് കരൾ പ്രവർത്തനരഹിതമായതാണ് മരണത്തിലേക്ക് നയിച്ചത്. ഏത് തരം വിഷമാണ് അകത്തെത്തിയത് എന്നകാര്യം പരിശോധിച്ചുവരികയാണ്. കൂടുതൽ വിവരങ്ങൾക്കായി അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരണ സമയത്ത് അഞ്ജുശ്രീയ്ക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നതായും പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ആന്തരാവയവങ്ങളിലെ ഗുരുതര അണുബാധയാണ് മരണത്തിന് കാരണം എന്നായിരുന്നു ഡിഎംഒയുടെ റിപ്പോർട്ട്.
കഴിഞ്ഞ ദിവസമാണ് ആരോഗ്യനില മോശമായതിനെ തുടർന്ന് അഞ്ജുശ്രീ മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 31 നായിരുന്നു പെൺകുട്ടി അൽ-റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈൻ ആയി കുഴിമന്തി ഓർഡർ ചെയ്തത്. എന്നാൽ ഇത് കഴിച്ചതിന് പിന്നാലെ പെൺകുട്ടിയ്ക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. പെൺകുട്ടിയ്‌ക്കൊപ്പം ഭക്ഷണം കഴിച്ച സുഹൃത്തുക്കൾക്കും ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു. എന്നാൽ പിന്നീട് ഇവർക്ക് പ്രശ്‌നമുണ്ടായില്ലെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ ഹോട്ടൽ അടച്ചുപൂട്ടി.
Discussion about this post