ന്യൂഡൽഹി: ബ്രസീലിന്റെ തലസ്ഥാനമായ ബ്രസീലിയയിൽ സർക്കാർ സ്ഥാപനങ്ങൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യ മൂല്യങ്ങളെ എല്ലാവരും ബഹുമാനിക്കണമെന്നും പ്രധാനമന്ത്രി ട്വിറ്റർ പേജിൽ കുറിച്ചു. ” ബ്രസീലിലെ സർക്കാർ സ്ഥാപനങ്ങൾക്ക് നേരയുണ്ടായ ആക്രമണത്തിന്റെ വാർത്തകൾ ഉത്കണ്ഠ ഉണ്ടാക്കുന്നതാണ്. ജനാധിപത്യമൂല്യങ്ങളെ എല്ലാവരും ബഹുമാനിക്കണം. ബ്രസീലിലെ സർക്കാരിന് പൂർണ പിന്തുണ അറിയിക്കുന്നുവെന്നും” പ്രധാനമന്ത്രി വ്യക്തമാക്കി.
ബ്രസീലിലെ മുൻ പ്രസിഡന്റ് ജെയർ ബോൾസനാരോയുടെ അനുയായികളാണ് പ്രസിഡന്റിന്റെ കൊട്ടാരവും സുപ്രീംകോടതിയും ആക്രമിച്ചത്. പ്രസിഡന്റിന്റെ കൊട്ടാരത്തിനുള്ളിൽ കടന്ന അക്രമികൾ വ്യാപകമായ നാശനഷ്ടമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ ആഴ്ച്ചയാണ് ബ്രസീലിൽ പ്രസിഡന്റായി ലുല ഡ സിൽവ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ബോൾസനാരോയുടെ വലതുപക്ഷ പാർട്ടിയെ തോൽപ്പിച്ചാണ് ലുല ഡ സിൽവയുടെ നേതൃത്വത്തിലുള്ള സഖ്യം അധികാരത്തിലെത്തിയത്. ഇതിന് പിന്നാലെയാണ് ബോൾസനാരോയുടെ അനുയായികൾ ക്യാപിറ്റോൾ മോഡൽ ആക്രമണം നടത്തിയത്.
മൂവായിരത്തോളം പേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നത്. തീവ്ര വലതുപക്ഷക്കാരാണ് ആക്രമണം നടത്തിയതെന്ന്പ്രസിഡന്റ് ലുല ഡ സിൽവ പറഞ്ഞു. ഫാസിസ്റ്റ് ആക്രമണമാണ് ഉണ്ടായത്. കലാപം നേരിടാൻ സർക്കാർ സൈന്യത്തെ വിന്യസിച്ചു. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരിക്കൽ പോലും ഇത്തരമൊരു ആക്രമണം കണ്ടിട്ടില്ല. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
Discussion about this post