ന്യൂഡൽഹി: മദ്യലഹരിയിൽ വിമാനത്തിനുള്ളിൽ കയറുകയും, വീണ്ടും വിമാനത്തിലിരുന്ന് മദ്യപിക്കുകയും ചെയ്ത രണ്ട് യാത്രക്കാരെ അറസ്റ്റ് ചെയ്തു. ഡൽഹി-പാട്ന ഇൻഡിഗോ വിമാനത്തിലാണ് സംഭവം. ആഭ്യന്തര സർവീസുകളിൽ മദ്യം നിരോധിച്ചിട്ടുണ്ട്. ഇത് വകവയ്ക്കാതെയാണ് യാത്രക്കാർ മദ്യപിച്ചത്. ഇത് ശ്രദ്ധയിൽ പെട്ട ജീവനക്കാർ എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിച്ചു. വിമാനം പാട്‌നയിൽ എത്തിയപ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് എയർപോർട്ട് പോലീസിന് കൈമാറി.
അതേസമയം ഇരുവരും വിമാനത്തിനുള്ളിൽ ബഹളമൊന്നും ഉണ്ടാക്കിയില്ലെന്നാണ് വിവരം. വിമാനത്തിനുള്ളിലെ ജീവനക്കാർ പറഞ്ഞതിന് പിന്നാലെ ഇവർ മദ്യപാനം നിർത്തി ക്ഷമാപണം പറഞ്ഞുവെന്നും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. പ്രോട്ടോക്കോൾ പ്രകാരമാണ് ഈ വിവരം ജീവനക്കാർ എയർലൈൻ എയർ ട്രാഫിക് കൺട്രോളറെ അറിയിച്ചത്.
ഡൽഹിയിൽ നിന്ന് പാട്‌ന വരെ 80 മിനിട്ട് സമയമാണുള്ളത്. എയർ ഇന്ത്യ വിമാനത്തിൽ മദ്യ ലഹരിയിൽ യാത്രക്കാരൻ സഹയാത്രികയായ സ്ത്രീയുടെ ദേഹത്തേക്ക് മൂത്രമൊഴിച്ച സംഭവം വൻ വിവാദമായതിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Discussion about this post