തിരുവനന്തപുരം: ജോലി സമയത്തിൽ 15 മിനിട്ട് അധികം വരുത്തി നാലാം ശനിയാഴ്ച അവധിയാക്കാൻ സർക്കാർ ആലോചന. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരുന്ന യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായേക്കും. പൊതുഭരണ സെക്രട്ടറി, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നിലവിൽ 10.15 മുതൽ 5.15 വരെയാണ് ഓഫീസുകളുടെ പ്രവർത്തന സമയം. ഇത് 10 മണി മുതൽ 5.15 വരെ ആക്കാനാണ് ആലോചിക്കുന്നത്. ഇത് നടപ്പാക്കിയാൽ നാലാം ശനി അവധിയായിരിക്കും.
അതേസമയം ഒരു ദിവസം കൂടി അവധിയാക്കുന്നത് വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടറിയേറ്റ് വരെ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സാധാരണക്കാരെ ബാധിക്കുമെന്ന വാദവും ഉയരുന്നുണ്ട്.
ഇതിന് പുറമെ കാഷ്വൽ ലീവുകൾ 20ൽ നിന്ന് 15 ആക്കി കുറയ്ക്കാനും ആലോചനയുണ്ട്. പഞ്ചിംഗ് സംവിധാനം മാർച്ചോടെയായിരിക്കും പൂർണ തോതിൽ നടപ്പാക്കുന്നത്. ഈ വർഷം ആദ്യം മുതൽ പഞ്ചിംഗ് നടപ്പാക്കാൻ തീരുമാനിച്ചെങ്കിലും നടപ്പായിരുന്നില്ല. ആശ്രിത നിയമനങ്ങൾ പരിമിതപ്പെടുത്താനും സാധ്യതയുണ്ട്. നിലവിൽ 2453 പേരുടെ ആശ്രിത നിയമന അപേക്ഷ വിവിധ വകുപ്പുകളിലായി സർക്കാരിന് മുന്നിലുണ്ട്.
Discussion about this post