തിരുവനന്തപുരം : തിരുവനന്തപുരം സംസ്കൃത കോളേജിൽ എസ്.എഫ്.ഐ ഗുണ്ടായിസത്തെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു. ഒന്നാം വർഷ വിദ്യാർത്ഥി അഭിനന്ദാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അഭിനന്ദിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
എസ്.എഫ്.ഐ പാളയം യൂണിറ്റ് കമ്മിറ്റിയിലെ നേതാക്കൾ തനിക്കെതിരെ നിരന്തരം ഭീഷണി മുഴക്കുകയും മർദ്ദിക്കുകയും ചെയ്തതായി ആത്മഹത്യക്ക് ശ്രമിക്കുന്നതിനു മുൻപ് വിദ്യാർത്ഥി കൂട്ടുകാർക്കയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു. കോളേജിലെ എസ്.എഫ്.ഐക്കാരെല്ലാം ഗുണ്ടകളാണ്. ഇവരുടെ അതിക്രമത്തെ തുടർന്ന് നിരവധി പേർക്ക് പഠനം നിർത്തേണ്ടി വന്നിട്ടുണ്ട്. ഇനിയൊരു വിദ്യാർത്ഥിക്ക് ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുത്. അതാണ് താൻ ജീവിതം അവസാനിപ്പിക്കുന്നതെന്ന് വിദ്യാർത്ഥി ശബ്ദസന്ദേശത്തിൽ പറയുന്നു.
പാർട്ടിയുടെ ഉന്നത നേതൃത്വത്തിൽ നിരന്തരം പരാതി നൽകിയിട്ടും ഒരു കാര്യവുമുണ്ടായില്ല. പോലീസിൽ പരാതിപ്പെട്ടപ്പോഴും കൈമലർത്തുകയാണുണ്ടായത്. കേസുമായി മുന്നോട്ട് പോയാൽ കോളേജിലെ ഏതെങ്കിലും പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി കേസ് കൊടുക്കാൻ സാദ്ധ്യതയുണ്ടെന്ന് എസ്.ഐ തന്നെയാണ് പറഞ്ഞത്.
തന്റെ സഹോദരങ്ങളെ ആക്രമിക്കുമെന്ന് പറഞ്ഞതായും വിദ്യാർത്ഥി ശബ്ദസന്ദേശത്തിൽ പറയുന്നു. കോളേജിലെത്തിയാൽ സഹോദരങ്ങളെ ഉൾപ്പെടെ കുത്തിക്കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇനി മുന്നോട്ടു പോകാൻ കഴിയില്ല. താനും എസ്.എഫ്.ഐക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്നും എന്നാൽ സംസ്കൃത കോളേജിലെ പ്രവർത്തനം ഗുണ്ടായിസമാണെന്നും വിദ്യാർത്ഥിയുടേതായി പുറത്തു വന്ന ശബ്ദസന്ദേശത്തിൽ പറയുന്നു.
സംസ്കൃത കോളേജ്, യൂണിവേഴ്സിറ്റി കോളേജ് തുടങ്ങൊ നഗരത്തിലെ പ്രധാന കോളേജുകളിൽ ഗുണ്ടായിസത്തിന് നേതൃത്വം നൽകുന്നത് എസ്.എഫ്.ഐ പാളയം ഏരിയ കമ്മിറ്റിയാണ്. മയക്കുമരുന്ന് വിൽപ്പനയും മദ്യപിച്ച് നഗര മദ്ധ്യത്തിൽ സംഘർഷം ഉണ്ടാക്കലും തിരുവനന്തപുരം നഗരത്തിലെ എസ്.എഫ്.ഐ നേതാക്കളുടെ സ്ഥിരം പ്രവർത്തനങ്ങളിൽ പെടുന്നവയാണ്. ഈയടുത്ത് ലഹരിക്കെതിരെ ബോധവത്കരണം നടത്തിയതിനു ശേഷം മദ്യപിച്ച് ഡാൻസ് ചെയ്ത എസ്.എഫ്.ഐ ജില്ല പ്രസിഡന്റിനേയും സെക്രട്ടറിയേയും തൽസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.
Discussion about this post