ന്യൂഡൽഹി: പഞ്ചാബിൽ അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് റാക്കറ്റിന്റെ ശൃംഖല തകർത്ത് നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ. സംഭവത്തിൽ രണ്ട് അഫ്ഗാൻ പൗരന്മാരടക്കം 16 പേർ അറസ്റ്റിലായി. 60 കിലോ മയക്കുമരുന്നും, വെടിക്കോപ്പുകളും കണ്ടെടുത്തിട്ടുണ്ട്. ഡൽഹിയിലെ ഷഹീൻബാഗ്, യുപിയിലെ മുസാഫർനഗർ എന്നിവിടങ്ങളിലാണ് ഈ റാക്കറ്റിന്റെ പ്രവർത്തനം.
സന്ദീപ് സിംഗ്, ഹർസുഖ്വീർ സിംഗ്, അക്ഷയ് കുമാർ ഛബ്ര, അജയ് കുമാർ എന്ന ഗോറ ഗ്രോവർ, ജസ്പാൽ സിംഗ്, ഹിതേഷ് വർമ്മ, ഭുവനേഷ് കപൂർ, സന്ദീപ് സിംഗ്, സുഭാഷ് ഗോയൽ, അമൻദീപ് ചാനിയ, ഗുർമെൽ സിംഗ് എന്നിവരും, കരിമുദുള്ള യൂസഫ്, മുഹമ്മദ് ഹക്കിം സലിമി എന്നീ അഫ്ഗാൻ പൗരന്മാരുമാണ് പിടിയിലായത്. പിടിയിലായ മറ്റ് പ്രതികളുടെ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.
അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി ഈ സംഘം വ്യാപിച്ചുകിടക്കുകയാണ്. റാക്കറ്റിന്റെ ലുധിയാന ഗ്രൂപ്പുമായി ബന്ധമുള്ള 60 ലധികം ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ടെന്ന് എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിംഗ് പറഞ്ഞു.
ഡൽഹിയിലെ ഷഹീൻബാഗിൽ നിന്ന് 2022 ഏപ്രിലിൽ ഏജൻസി 50 കിലോ ഹെറോയിൻ പിടിച്ചെടുത്തിരുന്നു. ഇതോടൊപ്പം ആറ് പേരെ അന്ന് അറസ്റ്റ് ചെയ്തിരുന്നു. എൻസിബിയുടെ ചണ്ഡീഗഢ് യൂണിറ്റ് സിൻഡിക്കേറ്റിന് സമീപമുള്ള രണ്ട് മയക്കുമരുന്ന് നിർമ്മാണ ലാബുകളെ കുറിച്ച് അന്ന് അറസ്റ്റിലായവരാണ് വെളിപ്പെടുത്തിയത്.
2022 നവംബർ പകുതിയോടെ കേസിന്റെ അന്വേഷണം ആരംഭിച്ചതായി ഡിഡിജി ജ്ഞാനേശ്വർ സിംഗ് അറിയിച്ചു. എൻസിബിയുടെ ചണ്ഡീഗഡ് സോണൽ ബ്യൂറോ ലുധിയാനയിൽ സ്ഥിതി ചെയ്യുന്ന രണ്ട് അനധികൃത ഹെറോയിൻ സംസ്കരണ ലാബുകൾ തകർത്തിരുന്നു. രണ്ട് അഫ്ഗാൻ രസതന്ത്രജ്ഞരാണ് ആ ലാബ് നടത്തിയിരുന്നത്.
ഇവർ വാങ്ങിയ സ്വത്തുവകകൾ കണ്ടുകെട്ടാനുള്ള നടപടി ഉടൻ ആരംഭിക്കുമെന്ന് എൻസിബി അറിയിച്ചു. പ്രതികളിൽ ചിലർ പഞ്ചാബിൽ നൈറ്റ് ക്ലബ്ബും റസ്റ്റോറന്റ് ബിസിനസ്സും നടത്തുന്നവരാണ്, ഇതിനെ കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.
കൂടാതെ, മദ്യശാല, റൈസ് മിൽ, നെയ്യ് വ്യാപാരം തുടങ്ങിയ മുൻനിര ബിസിനസുകളും പ്രശസ്ത ബ്രാൻഡുകളുടെ വിവിധ ഏജൻസികളും ഇവർ നടത്തുന്നുണ്ടെന്നും പോലീസ് പറഞ്ഞു.
മയക്കുമരുന്ന് കടത്ത് മാത്രമല്ല, അതിന്റെ നിർമ്മാണം, സംസ്കരണം, തുടങ്ങിയ കാര്യങ്ങളിലും സംഘം ഏർപ്പെട്ടിരുന്നു. മരുന്നുകൾ സംസ്കരിക്കാൻ ലാബും സ്ഥാപിച്ചിരുന്നു. ലഹരിവസ്തുക്കളുടെ വരുമാനം ഉപയോഗിച്ച് പല വ്യാപാരസ്ഥാപനങ്ങളിലും ഇവർ കള്ളപ്പണം വെളുപ്പിക്കുകയായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
Discussion about this post