തിരുവനന്തപുരം : കേരള പോലീസിൽ അനുദിനം കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സേനയിൽ ശുദ്ധികലശം നടത്താനുളള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 58 ഉദ്യോഗസ്ഥരെ ഈ വർഷം തന്നെ പിരിച്ചുവിടാനാണ് നീക്കം. രണ്ട് മാസത്തിനുള്ളിൽ നാല് പോലീസുകാരെ പിരിച്ചുവിടുമെന്ന് ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
കൂട്ടബലാത്സംഗമുൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബേപ്പൂർ കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ പിആർ സുനുവിനെ കഴിഞ്ഞ ദിവസം പിരിച്ചുവിട്ടിരുന്നു. തുടർന്നാണ് നടപടി ശക്തമാക്കുന്നത്. തിരുവനന്തപുരം ആലപ്പുഴ എന്നീ ജില്ലകളിലാണ് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പോലീസുകാർ കൂടുതലുള്ളത്.
2016 മുതൽ പോലീസ് ഉദ്യോഗസ്ഥർ പ്രതികളായ 828 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിക്കൽ, സ്ത്രീധന പീഡനം, സാമ്പത്തിക തട്ടിപ്പ്, എന്നിങ്ങനെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ ചില കേസുകളിൽ ചിലരെ ശിക്ഷിച്ചു, ചില കേസുകൾ വിചാരണ ഘട്ടത്തിലാണ്.
2017 മുതൽ 12 പോലീസ് ഉദ്യോഗസ്ഥരെയാണ് സർവീസിൽ നിന്ന് നീക്കം ചെയ്തത്. നിലവിലുളള 55,000 ത്തോളം വരുന്ന സേനയിൽ 1.56 ശതമാനം ഉദ്യോഗസ്ഥരും ക്രിമിനലുകളാണ്. ഇവർക്കെതിരെ അച്ചടക്ക നടപടികൾ ശക്തമാക്കാനാണ് ഡിജിപിയുടെ നിർദ്ദേശം. അതേസമയം പിരിച്ചുവിട്ടതിനെതിരെ ഉദ്യോഗസ്ഥർക്ക് മേലുദ്യോഗസ്ഥർക്കും ഡിജിപിക്കും അപ്പീൽ നൽകാനാകും.
Discussion about this post