തൃശൂർ: വിവിധഭാഷ തൊഴിലാളികളുടെ പണവും മൊബൈലും മലയാളി യുവാവ് മോഷ്ടിച്ചെന്ന് പരാതി. തൃശൂർ തൃപ്രയാറിലാണ് സംഭവം.
ക്ഷേത്രത്തിലേക്ക് ആലില പറിക്കണമെന്നാവശ്യപ്പെട്ട് ആൽമരത്തിന് മുകളിലേക്ക് തൊഴിലാളികളെ കയറ്റിയ ശേഷം മലയാളിയായ ആൾ ഫോണും പണവുമായി കടന്നുകളഞ്ഞെന്നാണ് പരാതി.
ശുദ്ധി വേണമെന്ന് പറഞ്ഞ് അടിവസ്ത്രമടക്കം അഴിപ്പിച്ച് വെച്ചാണ് ഇയാൾ തൊഴിലാളികളെ മരത്തിന് മുകളിൽ കയറ്റിയത്. തുടർന്ന് തോർത്തു മാത്രം ഉടുത്ത് തൊഴിലാളികൾ ചേർക്കര റോഡരികിലെ ആൽമരത്തിന് മുകളിൽ കയറി.
ആലില പറിക്കുന്നതിനിടെ ഇയാൾ തൊഴിലാളികളുടെ വസ്ത്രങ്ങളും 16000 രൂപ വില വരുന്ന രണ്ട് മൊബൈൽ ഫോണുകളും പണവുമായി മുങ്ങുകയായിരുന്നു. അബദ്ധം പറ്റിയെന്ന് മനസിലായ തൊഴിലാളികൾ മരത്തിന് മുകളിൽ നിന്നും വേഗം ഇറങ്ങിയെത്തിങ്കിലും അപ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞിരുന്നു.വസ്ത്രങ്ങൾ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.
വലപ്പാട് സ്റ്റേഷനിലെത്തിയ ഇവർ ഇൻസ്‌പെക്ടർ കെ.എസ്. സുശാന്തിന് ഇയാളുടെ ഫോൺ നമ്പർ നൽകി. അതിൽ വിളിച്ചെങ്കിലും ആരും എടുത്തില്ല.
ജാർഖണ്ഡ് സ്വദേശി വിനോദ് എന്നയാളുടെ പേരിലാണ് സിം കാർഡ്.സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.
Discussion about this post