കൊല്ലം: സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്കായി ലിഫ്റ്റ് സൗകര്യം ഒരുക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ബഹുനില കെട്ടിടങ്ങൾ ഉള്ള സ്‌കൂളുകളിൽ ഭാരമേറിയ ഭാഗുമായി നടന്നുകയറാൻ വിദ്യാർത്ഥികൾക്ക് വലിയ ബുദ്ധിമുട്ടാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒരു വിദ്യാർത്ഥിനി കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു. കൊല്ലം ടൗൺ യുപിഎസിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരമേറിയ ഭാഗുമായി സ്‌കൂളിന്റെ നിലകൾ നടന്നു കയറുക വിദ്യാർത്ഥികൾക്ക് ഏറെ പ്രയാസകരമാണ്. ഇത് ചൂണ്ടിക്കാട്ടി സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ കത്ത് ലഭിച്ചു. ബഹുനില കെട്ടിടങ്ങളുള്ള സ്‌കൂളിൽ ഇത്തരത്തിൽ കുട്ടികളുടെ ബാഗുകൾ ക്ലാസ് മുറികളിലേക്ക് എത്തിക്കാൻ ലിഫ്റ്റുൾപ്പെടെ സൗകര്യങ്ങൾ ഒരുക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകും- ശിവൻകുട്ടി പറഞ്ഞു.
സ്‌കൂളിൽ പുതുതായി നിർമ്മിച്ച നാല് ക്ലാസ് മുറികളുടെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്. ഒരു കോടി രൂപ ചിലവിട്ടാണ് സ്‌കൂളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ. നിലവിൽ 530 വിദ്യാർത്ഥികൾ സ്‌കൂളിൽ പഠിക്കുന്നുണ്ട്.












