കീവ് : സൈനികന്റെ നെഞ്ചിൽ തുളച്ചുകയറിയ ഗ്രനേഡ് പൊട്ടിത്തെറിക്കാതെ പുറത്തെടുത്ത് ഡോക്ടർ. യുക്രെയ്നിലാണ് സംഭവം. പൊട്ടിത്തെറിക്കുന്നത് മുൻപ് തന്നെ ഗ്രനേഡ് സൈനികന്റെ നെഞ്ചിനുള്ളിൽ തറച്ച് കയറിയിരുന്നു. ശരീരത്തിൽ വെച്ച് ഇത് പൊട്ടിത്തെറിക്കാനും സാധ്യത ഏറെയായിരുന്നു. ഇതിന്റെ എക്സ്റേ ദൃശ്യങ്ങളും യുക്രെയ്ൻ സൈന്യം പുറത്തുവിട്ടിരുന്നു.
എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള ഗ്രനേഡാണ് സൈനിക ഡോക്ടർ ആൻഡ്രി വെർബ പുറത്തെടുത്തത്. അമിതമായ രക്തസ്രാവം തടയാൻ ഉപയോഗിക്കുന്ന ഇലക്ട്രോകൊയാഗുലേഷൻ കൂടാതെയാണ് സർജൺ ശസ്ത്രക്രിയ നടത്തിയത്. ഏത് നേരവും പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളതിനാൽ ശസ്ത്രക്രിയ നടക്കുന്ന സമയം മുഴുവൻ രണ്ട് സൈനികർ ഓപ്പറേഷൻ തിയേറ്ററിലുണ്ടായിരുന്നു.
ഗ്രനേഡ് ലോഞ്ചറിൽ നിന്ന് തൊടുത്ത വിഒജി ഗ്രനേഡാണ് സൈനികന്റെ നെഞ്ചിലുണ്ടായിരുന്നത്. കിഴക്കൻ യുക്രെയിനിലെ സോൾഡാർ പട്ടണത്തിൽ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെയാണ് ഗ്രനേഡ് ആക്രമണമുണ്ടായത്. ഡോക്ടർ വെർബ ജീവൻ പണയപ്പെടുത്തിക്കൊണ്ട് നടത്തിയ പ്രവർത്തനത്തെ ഗവർണർ സെർഹി ബൊർസോവ് പ്രശംസിച്ചു.
Discussion about this post