എന്നമ്മ ശ്യാമതൻ വർണ്ണം കറുപ്പോ?
എന്നമ്മ ശ്യാമതൻ വർണ്ണം കറുപ്പോ?
ലോകരോ ചൊല്ലുന്നു കാളി കറുപ്പെന്ന്
മനമതിലങ്ങനെ തോന്നൽ വയ്യെങ്കിലും.
കാളരൂപിയോ നീ ദിഗംബരീ! യെങ്കിലെൻ
ഹൃത്തിലീ നിറപ്രഭാകിരണങ്ങളെങ്ങനെ?
ശ്യാമാ നീ,
എപ്പോൾ കറുപ്പെന്നോയെപ്പോൾ വെളുപ്പെന്നോ
എപ്പോൾ പീത, നീല, ലോഹിതപ്രഭയെന്നോ,
അമ്മാ! നിന്നാഴമിന്നെങ്ങനെയറിയും ഞാൻ
ചിന്തിച്ചു ചിന്തിച്ചീ ജന്മം കൊഴിഞ്ഞു. പോയ്!
ശ്യാമാ! നീ,
എപ്പോൾ പുരുഷനെന്നെപ്പോൾ പ്രകൃതിയെ
-ന്നെപ്പോൾ പരിപൂർണ്ണമാം ശൂന്യമെന്ന്,
ചിന്തിച്ചീ കമലാ കാന്തനോ ഭ്രമിതനായ്!
എന്നമ്മ ശ്യാമതൻ വർണ്ണം കറുപ്പോ?
കമലാകാന്ത ഭട്ടാചാര്യയുടെ അതിമനോഹരമായ ഈ ഭജനമാണ് സ്വാമിജി അന്ന് പാടിയത്. കേൾക്കുന്ന മാത്രയിൽ ഠാക്കുർ സമാധിസ്ഥനാകുമായിരുന്ന, അമൃതമൊഴുകുന്ന ആ കണ്ഠത്തിൽ നിന്ന് അന്നാ ഗാനം കേട്ടപ്പോൾ ആശ്രമം മുഴുവൻ അമ്മയിൽ ലയിച്ചു.
അന്ന് വെളുപ്പിനേ തന്നെ സ്വാമിജി എഴുനേറ്റിരുന്നു. രോഗപീഡയാൽ നന്നേ കഷ്ടപ്പെട്ടിരുന്ന അദ്ദേഹമത് ഈയിടെയായി പതിവില്ലാത്തതാണ്. മൂന്നുമണിക്കൂറോളം ധ്യാനിച്ചിരുന്നു. താഴെ വന്ന് ശിഷ്യരോടൊത്ത് അൽപ്പനേരമിരുന്നു. എന്നിട്ടാണീ ഗാനമാലപിച്ചത്. ഉച്ചയോടെ ശിഷ്യരെ സംസ്കൃത വ്യാകരണം പഠിപ്പിച്ചു. സ്വാമി പ്രേമാനന്ദയോട് അധിക നേരം സംസാരിച്ചിരുന്നു. അതിനിടെ അദ്ദേഹത്തോട് പറഞ്ഞു.
“ഭാരതം അമരമാണ്…സത്യജ്ഞാനത്തിനു വേണ്ടി നിരന്തരശ്രമം നടത്തുകയാണെങ്കിൽ ഭാരതം അമരമാണ്. രാഷ്ട്രീയ സാമൂഹ്യ സംഘർഷങ്ങളിൽ പെട്ടുപോവുകയാണെങ്കിലോ, അവൾ മരണമടയുകതന്നെ ചെയ്യും”
അന്ന് ഏഴുമണിയോടെ മുറിയ്ക്കുള്ളിൽ കയറി വിളിക്കാതെ ആരും മുറി തുറക്കരുതെന്ന് നിർദ്ദേശിച്ച് ധ്യാനനിഷ്ഠനായി. ഒരു മണിക്കൂർ കഴിഞ്ഞ് ഒരു ശിഷ്യനെ വിളിച്ച് വീശിത്തരുവാൻ പറഞ്ഞു. കട്ടിലിൽ കിടന്നു. വീശിക്കൊണ്ടിരിക്കെ ഒരു ചെറിയ വിറയൽ, ദീർഘശ്വാസമെടുത്തു, മൂക്കിലൊരിറ്റ് ചോരപൊടിഞ്ഞു. മുപ്പത്തിയൊൻപത് കൊല്ലത്തെ ജീവിതം, ഒരു സഹസ്രാബ്ദത്തിലേക്ക് വേണ്ടത് ചെയ്തിട്ടുപോയ ആ മഹാജീവിതം ബാക്കിവച്ച് ആ ശരീരം ഒരിലകൊഴിയും പോലെ ബാക്കിയായി. താൻ നാൽപ്പതുകൊല്ലം തികയ്ക്കില്ല ഈ ശരീരത്തിൽ എന്ന് പ്രവചിച്ചതു പോലെ തന്നെ സംഭവിച്ചു.
അവസാന ദിവസം പോലും അമ്മയായ ഈ ഭാരതഭൂമിയുടെ സർവോത്കൃഷ്ടതയ്ക്ക് വേണ്ട സൂത്രവാക്യം നമുക്ക് തന്നിട്ടുപോയ ആ മഹാത്മാവിന്റെ, സ്വാമി വിവേകാനന്ദൻ എന്ന ഹിമാലയത്തോളമുയർന്ന മഹാമേരുവിന്റെ നൂറ്റിയറുപതാം ജന്മവാർഷികമാണിന്ന്. ആരായിരുന്നു വിവേകാനന്ദൻ? അടിമത്തത്തിന്റെ നടുവളയ്ക്കലുകൾ സഹസ്രാബ്ദങ്ങളോളം ശീലമാക്കിയ ഈ ജനതയുടെ ശിരസ്സുയർത്താനെത്തിയ സാക്ഷാൽ പരമേശ്വരനോ? യുദ്ധഭൂമിയുടെ നടുവിൽ അകർമ്മണ്യതയും ക്ലൈബ്യവും ബാധിച്ചു തളർന്നുപോയ പാർത്ഥന്റെ ജ്വരമകറ്റാനെത്തിയ ഭഗവാൻ ശ്രീകൃഷ്ണനോ? ലോകത്തിന്റെ അനിശ്ചിതത്വത്തിൽ മോഹവിവശനായി വൈരാഗ്യമേറി എല്ലാമുപേക്ഷിയ്ക്കാൻ പോയ ശ്രീരാമന് സത്യജ്ഞാനമോതിയ വസിഷ്ഠനോ? രാജർഷി ജനകനു മുന്നിൽ തന്റെ എട്ടുവളവുകളുള്ള ശരീരവുമായെത്തി കുതിരക്കുളമ്പ് കടക്കും മുൻപ് പരമസത്യം കാട്ടിക്കൊടുത്ത അഷ്ടാവക്രനോ?
നരേന്ദ്രനെപ്പറ്റി ഠാക്കൂർ ശ്രീരാമകൃഷ്ണഭഗവാൻ പറയുമായിരുന്നു. “അവൻ നിത്യസിദ്ധന്മാരുടെ കൂട്ടത്തിലാണ്. അൽപ്പം പ്രായമാകുമ്പോൾ ഭഗവാന്റെയടുക്കലേക്ക് പോകും. ആളുകളെ പഠിപ്പിക്കാനാണ് അവൻ വന്നിരിയ്ക്കുന്നത്!… ഹോമപ്പക്ഷിയുടെ കഥ വേദങ്ങളിലുണ്ട്. ആകാശത്തിൽ വളരെ ഉയരത്തിലാണത് പാർക്കുന്നത്. അവിടെ ആകാശത്തിലത് മുട്ടയിടുന്നു. മുട്ട താഴേക്ക് വീഴുന്നു. വളരെ ഉയരത്തിലായതുകൊണ്ട് താഴേക്ക് വീണുകൊണ്ടേയിരിയ്ക്കും. വീണുകൊണ്ടിരിയ്ക്കുമ്പോൾത്തന്നെ അത് വിരിയുന്നു. അപ്പോൾപ്പിന്നെ കുഞ്ഞു വീഴുന്നു. വീഴുന്നതോടെ അതിന്റെ കണ്ണു വിടരുന്നു. ചിറകു മുളയ്ക്കുന്നു. കണ്ണു വിടരുന്നതോടെ താൻ താഴേയ്ക്ക് വീണുകൊണ്ടിരിയ്ക്കുകയാണെന്നും മണ്ണിൽച്ചെന്ന് വീണാൽ തവിടുപൊടിയാകുമെന്നും അത് കരുതുന്നു. ഉടനേ ആ പക്ഷി അമ്മയുടെയടുക്കലേക്ക് കുതിയ്ക്കും. ഉച്ചത്തിലേക്ക് ഉയരും” ഒരിയ്ക്കൽ ശ്രീരാമകൃഷ്ണദേവൻ ദേവേന്ദ്രബാബുവിനോടും ഗിരീശബാബുവിനോടും നരേന്ദ്രനെപ്പറ്റി പറഞ്ഞു.”അവന്റെ വീടെവിടെയാണെന്ന് പറഞ്ഞുകൊടുത്താൽ പിന്നെയവൻ ഇവിടെ താമസിയ്ക്കുകയില്ല” ഒരിക്കൽ ഗുരുദേവൻ ഒരു കടലാസ്സിൽ ‘നരേന്ദ്രൻ ആൾക്കാരെ പഠിപ്പിക്കും’ എന്നെഴുതി ശിഷ്യന്മാരെ കാണിച്ചു. “അതൊന്നും എനിയ്ക്ക് കഴിയില്ല“ എന്ന് നരേന്ദ്രൻ ഉടനേ പറഞ്ഞു. “നിന്റെ അസ്ഥികൾ വരെ ചെയ്യുമത്“ എന്നാണ് രാമകൃഷ്ണദേവൻ മറുപടി പറഞ്ഞത്.
അതെ..ആ അസ്ഥികൾ വരെ ഇന്ന് ഭാരതഭൂമിയെ, ലോകത്തെ മുഴുവൻ പഠിപ്പിക്കുന്നു. ഈ മണ്ണ് വിശ്വഗുരുവായി ഉണർന്നെണീക്കുന്നു.
നരേന്ദ്രനാഥ് ദത്ത. കൊച്ചുനരേൻ. വിശ്വനാഥ് ദത്തയുടേയും ഭുവനേശ്വരിയുടെയും ആറാമത്തെ മകൻ, 1881ൽ തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ശ്രീരാമകൃഷ്ണദേവനെ കാണുന്നത്. 1881 മുതൽ ശ്രീരാമകൃഷ്ണദേവൻ ഭൌതികശരീരം വെടിയുന്ന 1886 വരെയുള്ള അഞ്ചുകൊല്ലം വന്നും പോയും സംശയിച്ചും ആരാധിച്ചും അവസാനം സർവാത്മനാ സമർപ്പണം ചെയ്തും ആ യുഗപുരുഷനെ നേരിട്ടറിഞ്ഞ ആ അഞ്ചുകൊല്ലം ഏറെക്കുറേ യുക്തിവാദിയും ബ്രഹ്മസമാജക്കാരനും ഒക്കെയായിരുന്ന നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്കുള്ള പരിണാമത്തിന്റെ അഞ്ചുകൊല്ലമായിരുന്നു. ജഗത്ദർശനത്തിന്റെ മേളയിലേക്ക്, ഒരു ചിത്രശലഭമായി പരിണമിച്ച് പറന്നുയരാനുള്ള, അവസാനം ഒറ്റയ്ക്ക് പറന്നുപോകാനുള്ള ശക്തിലഭിയ്ക്കാനുള്ള അഞ്ചുകൊല്ലമായിരുന്നു. ഗുരുവിനോ, തന്റെ സിദ്ധികൾ പ്രകടിപ്പിക്കാൻ നിത്യസിദ്ധനായ നാരായണൻ തന്നെ തിരികെയെത്തിയ അറിവും. ‘എന്റെ സിദ്ധികൾ ഞാൻ നിന്നിലൂടെ പ്രകടിപ്പിക്കും’ എന്ന് പലതവണ ഗുരുനാഥൻ പറഞ്ഞിട്ടുണ്ട്.
അടിമത്തത്തിന്റെ കൊടും ചുഴിയിലായിരുന്നു ഭാരതം. മധ്യേഷ്യയിൽ നിന്നും മംഗോളിയയിൽ നിന്നുമെത്തിയ ആക്രമണകാരികൾ മുതൽ യൂറോപ്യന്മാരുടേ വരെ പാദസേവചെയ്ത് ശീലിച്ചുപോയ സമൂഹം. ഒറ്റയ്ക്കും തെറ്റയ്ക്കും ഭഗവ നെഞ്ചോട് ചേർത്ത് പുലിനഖങ്ങളുമായി അത്യുഗ്രവീര്യം സടകുടഞ്ഞെഴുനേറ്റുവെങ്കിലും അതൊരൊറ്റയലയായി ഒരുമിച്ച് കത്തിപ്പിടിക്കാത്ത മണ്ണായിരുന്നിത്. ഇതിനെ വിളക്കിച്ചേർക്കാൻ വേണ്ടിയിരുന്നത് ഈ മണ്ണിന്റെ സഹസ്രാബ്ദങ്ങളുടെ തപോബലമായിരുന്നു.
രാമകൃഷ്ണദേവൻ പോയതിനുശേഷം പരിവ്രാജകനായി ഹിമാലയസാനുക്കളിൽ മുതൽ കന്യാകുമാരി വരെ നടന്നുനീങ്ങി.ഭാരതത്തിന്റെ അടിമത്തത്തിന്റെ കാഴ്ചകളോടൊപ്പം സഹജീവികളുടെ വേദനയും ജാതീയതയുടേ നെരിപ്പോടുകളും നേരിട്ടുകണ്ടു വിവിദിഷാനന്ദൻ. അങ്ങനെയായിരുന്നു നരേന്ദ്രൻ സ്വീകരിച്ചിരുന്ന ആദ്യത്തെ സന്യാസനാമം.
ആദിശങ്കരൻ നടന്നളന്ന അതേ വഴികൾ… 1892 ഡിസംബർ 24നാണ് കന്യാകുമാരിയിലെത്തിയത്. നീന്തിച്ചെന്ന് ഈ ഉപഭൂഖണ്ഡത്തിന്റെ അങ്ങേയറ്റത്തെ പാറയിൽ സമാധിസ്ഥനായി. ഈ നാടിനുവേണ്ടി എന്തുചെയ്യണം എന്ന് അദ്ദേഹത്തിനു നിശ്ചയമില്ലായിരുന്നു. മൂന്നു ദിവസം അവിടെ ധ്യാനനിഷ്ഠനായി തപസ്സുചെയ്തു.
പിന്നീട് സ്വാമി രാമകൃഷ്ണാനന്ദയ്ക്ക് എഴുതിയ ഒരു കത്തിൽ അദ്ദേഹം ഇങ്ങനെയെഴുതി.
“സഹോദരാ, ഇതെല്ലാമോർത്ത്, അജ്ഞാനത്തിലും ദാരിദ്ര്യത്തിലും പെട്ടുഴറിയ ജനതയെയോർത്ത് ഉറക്കം വന്നില്ല. കന്യാകുമാരിയിൽ അമ്മ കുമാരിയുടെ ക്ഷേത്രത്തിരുനുന്ന്, ഭാരതത്തിന്റെ അങ്ങേയറ്റത്തെ പാറയിലിരുന്ന് ഞാനൊരു കാര്യപദ്ധതിയുണ്ടാക്കി. നാം അനേകം സന്യാസിമാർ അലഞ്ഞുതിരിഞ്ഞ് അതീന്ദ്രിയതയും പഠിപ്പിച്ചുനടക്കുന്നു. ഇതെല്ലാം ഭ്രാന്താണ്! നമ്മുടെ ഗുരുദേവൻ പറയുന്നത് കേട്ടിട്ടില്ലേ? ഒഴിഞ്ഞ വയറ് ഈശ്വരവിശ്വാസത്തിനു നല്ലതല്ലെന്ന്? ദരിദ്രര്‍ മൃഗനിര്‍വിശേഷം ജീവിതം നയിക്കുന്നതിന്‍റെ കാരണം അജ്ഞതയാണ്. അനേകം യുഗങ്ങളായി നാം അവരുടെ രക്തം ഊറ്റിക്കുടിക്കുകയും അവരെ കാല്‍ കൊണ്ട് ചവുട്ടി അരയ്ക്കുകയുമാണ് ചെയ്യുന്നത്”.
മൂന്നുദിവസത്തെ ധ്യാനശേഷം അകക്കാമ്പിൽ ഭാരതദർശനം തെളിഞ്ഞുവന്നു. ഈ നാടിനെ പരമവൈഭവത്തിലേക്കുയർത്താൻ എന്ത് ചെയ്യണമെന്ന നിശ്ചയദാർഢ്യവുമായി ഭാരതത്തിന്റെ അടിമത്തത്തിന്റെ അജ്ഞാനതിമിരാന്ധകാരം ഉറച്ചുപോയ മിഴികളിൽ ജ്ഞാനാഞ്ജനമെഴുതി വെളിച്ചമേകാൻ പ്രതിജ്ഞ ചെയ്തു.
11 സെപ്റ്റംബർ 1893.
“അമേരിക്കയിലെ എന്റെ പ്രിയ സഹോദരീ സഹോദരന്മാരെ
നിങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ആവേശപൂര്‍വവും ഹൃദയങ്ഗമവുമായ സ്വാഗതത്തിനു മറുപടി പറയാന്‍ എഴുന്നെല്‍ക്കവേ എന്റെ ഹൃദയം അവാച്യമായ ആനന്ദം കൊണ്ട് നിറയുന്നു.
‘ലോകത്തിന്റെ അതിപ്രാചീന സന്ന്യാസിപരമ്പരയുടെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. മതങ്ങളുടെ മാതാവിന്റെ പേരില്‍ ഞാന്‍ നിങ്ങള്‍ക്ക് നന്ദി പറയുന്നു. സര്‍വവര്‍ഗ വിഭാഗങ്ങളിലും പെട്ട കോടി കോടി ഹിന്ദുക്കളുടെ പേരിലും ഞാന്‍ നിങ്ങള്‍ക്ക് നന്ദിപറയുന്നു.
സഹിഷ്ണുത എന്ന ആശയം വിവിധ ദേശങ്ങളിലേക്ക് വഹിക്കുന്നതിനുള്ള ബഹുമതി വിദൂര ജനതകളില്‍ നിന്ന് വന്ന ഈ ആളുകള്‍ക്ക് തികച്ചും അവകാശപ്പെടാമെന്നു പൗരസ്ത്യ പ്രതിനിധികളെ പരാമര്‍ശിച്ചു നിങ്ങളോട് ചിലര്‍ പറഞ്ഞുവല്ലോ. ഈ വേദിയിലുള്ള അവര്‍ക്കും എന്റെ നന്ദി. സഹിഷ്ണുതയും സാര്‍വലൗകിക സ്വീകാര്യതയും ലോകത്തിനുപദേശിച്ച മതത്തിന്റെ അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു.
ഞങ്ങള്‍ സാര്‍വലൗകിക സഹിഷ്ണുതയില്‍ വിശ്വസിക്കുക മാത്രമല്ല സര്‍വമതങ്ങളും സത്യമെന്ന് അംഗീകരിക്കുകയും ചെയ്യുന്നു. ലോകത്തിലുള്ള സര്‍വമതങ്ങളിലെയും സര്‍വ രാജ്യങ്ങളിലെയും പീഡിതര്‍ക്കും ശരണാര്‍ത്ഥികള്‍ക്കും അഭയമരുളിയതാണ് എന്റെ ജനത എന്നതില്‍ ഞാന്‍അഭിമാനിക്കുന്നു റോമന്‍ മര്‍ദ്ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്തു തരിപ്പണമാക്കപ്പെട്ട ആ കൊല്ലം തന്നെ ദക്ഷിണ ഭാരതത്തില്‍ വന്ന് അഭയം പ്രാപിച്ച ആ ഇസ്രയേല്‍ വര്‍ഗത്തിന്റെ അതിപവിത്രാവശിഷ്ടം ഞങ്ങളുടെ അംഗതലത്തില്‍ സംഭൃതമയിട്ടുണ്ടെന്ന് നിങ്ങളോട് പറയാന്‍ എനിക്ക് അഭിമാനമുണ്ട്.
മഹിമയുറ്റ സൌരാഷ്ട്ര ജനതയ്ക്ക് അഭയം നല്‍കിയതും അവരുടെ അവശിഷ്ടത്തെ ഇന്നും പോറ്റിപ്പോരുന്നതുമായ മതത്തില്‍ ഉള്‍പെട്ടവന്‍ എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. അല്ലയോ സോദരരെ, ശൈശവം മുതല്‍ ജപിച്ചിട്ടുള്ളതായി എനിക്കോര്‍മയുള്ളതും ലക്ഷക്കണക്കിനാളുകള്‍ എന്നും ജപിക്കുന്നതുമായ ഒരു സ്‌തോത്രത്തില്‍ നിന്ന് ചില വരികള്‍ ഞാന്‍ നിങ്ങളെ കേള്‍പ്പിക്കാം.
‘പലേടങ്ങളിലായി ഉറവയെടുത്ത പല പുഴകളിലെയെല്ലാം വെള്ളം കടലില്‍ കൂടിക്കലരുന്നുവല്ലോ. അതുപോലെ അല്ലെയോ പരമേശ്വര, രുചി വൈചിത്ര്യം കൊണ്ട് മനുഷ്യര്‍ കൈകൊള്ളുന്ന വഴികള്‍, വളഞ്ഞോ നേരെയോ പലമട്ടായി കാണപ്പെട്ടാലും എല്ലാം അങ്ങയിലേക്കത്രേ എത്തുന്നത്.’ ഇതുവരെ നടന്നിട്ടുള്ള സഭകളിലെല്ലാം വെച്ച് അതിഗംഭീരമായ ഇന്നത്തെ സമ്മേളനം, സ്വയം ഗീതോപദിഷ്ടമായ ഒരത്ഭുത തത്വത്തിന്റെ നീതിമത്കരണവും പ്രഖ്യാപനവുമാണ്, ആര് ഏതു രൂപത്തില്‍ എന്നെ ഭജിക്കുന്നുവോ അവനെ ഞാന്‍ അപ്രകാരം അനുഗ്രഹിക്കുന്നു. എല്ലാവരും ശ്രമിക്കുന്നത് ഒടുവില്‍ എന്നിലേക്കെത്തുന്ന വഴികളിലൂടെയത്രെ.
വിഭാഗീയതയും മൂഢമായ കടുംപിടുത്തവും അതിന്റെ ഭീകര സന്തതിയായ മതഭ്രാന്തും കൂടി ഈ സുന്ദര ഭൂമിയെ ദീര്‍ഘമായി കൈയടക്കിയിരിക്കുകയാണ്. അവ ഭൂമിയെ അക്രമംകൊണ്ട് നിറച്ചിരിക്കുന്നു. മനുഷ്യ രക്തത്തില്‍ പലവുരു കുതിര്‍ത്തിരിക്കുന്നു. സംസ്‌കാരത്തെ സംഹരിച്ചിരിക്കുന്നു. ജനതകളെ മുഴുവനോടെ നൈരാശ്യത്തിലേക്ക് തള്ളിവിടുകയും ചെയ്തിരിക്കുന്നു. ഈ കൊടുംപിശാചുക്കള്‍ ഇല്ലായിരുന്നെങ്കില്‍ മനുഷ്യ സമുദായം ഇതിലും വളരെയേറെ പുരോഗമിക്കുമായിരുന്നു.
എന്നാല്‍ അവരുടെ കാലം ആയിക്കഴിഞ്ഞു. ഈ സമ്മേളനത്തിന്റെ ബഹുമാനാര്‍ത്ഥം ഇന്നു പുലര്‍കാലത്ത് മുഴങ്ങിയ മണി എല്ലാ മത ഭ്രാന്തിന്റെയും, വാള്‍കൊണ്ടോ പേനകൊണ്ടോ ഉള്ള എല്ലാ പീഡനങ്ങളുടെയും ഒരേ ലക്ഷ്യത്തിലേക്ക് പ്രയാണം ചെയ്യുന്ന മനുഷ്യരുടെ ഇടയിലേ എല്ലാ ദുര്‍മാത്സര്യങ്ങളുടെയും മരണമണിയായിരിക്കട്ടേ എന്ന് ഞാന്‍ അകമഴിഞ്ഞ് ആശിക്കുന്നു.“
ഹിന്ദുത്വത്തിന്റെ അടിസ്ഥാനദർശനമായി ചിക്കാഗോയിലെ ലോകമതപാർലമെന്റിൽ മുഴങ്ങിക്കേട്ട ഈ വാക്കുകളിൽ നിന്ന് തുടങ്ങുന്നു ആധുനികഭാരതം. ഇന്നത്തക്കാലത്ത് ആ വാക്കുകൾ തികച്ചും പ്രസക്തവുമാകുന്നു.
ശരീരമുപേക്ഷിയ്ക്കുന്നതിനു തൊട്ടുമുൻപ് നമുക്കായിത്തന്ന വിവേകവാണി ഒന്നുകൂടിയോർക്കാം.
“ഭാരതം അമരമാണ്…സത്യജ്ഞാനത്തിനു വേണ്ടി നിരന്തര ശ്രമം നടത്തുകയാണെങ്കിൽ ഭാരതം അമരമാണ്. രാഷ്ട്രീയ സാമൂഹ്യ സംഘർഷങ്ങളിൽ പെട്ടുപോവുകയാണെങ്കിലോ, അവൾ മരണമടയുകതന്നെ ചെയ്യും”
ഓ! ഠാക്കൂർ, നീ ഞങ്ങൾക്ക് കണ്ടെത്തിത്തന്നത് ഈ ജീവിതസമുദ്രത്തിലെ അതിവിശിഷ്ട മുത്തുമണിയെയാണ്. സാക്ഷാൽ നാരായണനെയാണ്. ഓ! ഠാക്കൂർ, നിന്നെത്തന്നെയാണ് നീ ഈ നാടിനു വിവേകമായിപ്പകർന്നത്.
വിവേകോദയമായി ഈ കേരളക്കരയ്ക്ക് മുതൽ അങ്ങ് കാശ്മീരത്തിൽ വരെ, ആ സത്യത്തിനായിത്തുടിയ്ക്കുന്ന മണ്ണിലെ മണമാകാനായി സ്വജീവിതപുഷ്പങ്ങൾ സമർപ്പിക്കാനായി പ്രതിജ്ഞ ചെയ്യാൻ ഇതിൽപ്പരമൊരു നല്ല ദിവസമില്ല. ഏവർക്കും ബ്രേവ് ഇന്ത്യയുടെ വിവേകാനന്ദജയന്തി ആശംസകൾ!
Discussion about this post