മലപ്പുറം: കരിപ്പൂർ രാജ്യാന്തര വിമാനത്താവളത്തിലെ റൺവേ റീ കാർപെറ്റിംഗ് പ്രവർത്തനങ്ങൾ ജനുവരി 15ന് തുടങ്ങും. രാവിലെ 10 മണി മുതൽ വൈകിട്ട് 6 വരെ റൺവേ അടയ്ക്കും. ആറ് മാസക്കാലത്തേക്കാണ് നിയന്ത്രണം. ഇതോടെ വിമാന സർവ്വീസുകളുടെ സമയക്രമം പുന:ക്രമീകരിക്കും. നിലവിൽ ഓരോ ആഭ്യന്തര, രാജ്യാന്തര സർവീസുകൾ മാത്രമാണ് ഈ സമയത്തുള്ളത്. ബാക്കിയുള്ള വിമാന സർവീസുകൾ കഴിഞ്ഞ ശീതകാല ഷെഡ്യൂൾ സമയത്ത് പുന:ക്രമീകരിച്ചിരുന്നു.
ആഴ്ചയിൽ ആറ് ദിവസമുള്ള എയർ ഇന്ത്യ ഡൽഹി സർവ്വീസിന്റെ സമയം പുന:ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ രാവിലെ 10.50നാണ് വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെടുന്നത്. ജനുവരി 14ാം തിയതി മുതൽ തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 9.30നും ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ 8.55നും വിമാനം പുറപ്പെടും.
സലാം എയറിന്റെ സലാല സർവീസിന്റെ സമയമാണ് മാറ്റുന്നതിൽ ഒന്ന്. നിലവിൽ പുലർച്ചെ 4.40നാണ് സലാലയിൽ നിന്ന് പുറപ്പെട്ട് 10.15ന് കരിപ്പൂരിലെത്തുന്ന വിമാനം 11 മണിക്കാണ് മടങ്ങുന്നത്. ജനുവരി 17 മുതൽ പുലർച്ചെ 2.35ന് പുറപ്പെട്ട് 8.10ന് കരിപ്പൂരിലെത്തി 8.55ന് മടങ്ങും. ചൊവ്വ, ശനി ദിവസങ്ങളിലാണ് വിമാനത്തിന്റെ സർവീസ്.
Discussion about this post