കൊല്ലം : പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ യുവാവിനോട് പ്രതിയെ തിരിച്ചുതല്ലി പ്രശ്നം തീർക്കാൻ എസ്ഐയുടെ ഉപദേശം. ഇത് അനുസരിച്ച വാദി, പ്രതിയെ തല്ലിയതോടെ ഒത്തുതീർപ്പാക്കാൻ എസ്ഐ ഇടപെട്ടു. ഇതോടെ തല്ലുകേസിൽ വാദി പ്രതിയുമായി.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തൃക്കരുവ മണലിക്കട സ്വദേശിയായ സെബാസ്റ്റ്യൻ(19) തന്നെ അടിച്ചതായി പ്രാക്കുളം സ്വദേശിയായ രാഹുൽ(22) അഞ്ചാലുംമൂട് സ്റ്റേഷനിൽ പരാതി നൽകി. ബുധനാഴ്ച ഇരുവരെയും അഞ്ചാലുംമൂട് എസ്ഐ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ചോദ്യം ചെയ്യലിൽ സെബാസ്റ്റ്യൻ തന്നെ അടിച്ചതായി രാഹുൽ പോലീസിനോട് പറഞ്ഞു.
ഇതോടെ അടിക്ക് പകരം അടികൊടുത്ത് പ്രശ്നം തീർക്കാൻ പോലീസ് നിർദ്ദേശിച്ചു. തുടർന്ന് പോലീസുകാരുടെ സാന്നിദ്ധ്യത്തിൽ രാഹുൽ സെബാസ്റ്റ്യന്റെ മുഖത്തടിച്ചു.
എന്നാൽ രാഹുൽ അടിച്ചുവെന്ന് കാണിച്ച് സെബാസ്റ്റ്യൻ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. സ്പെഷ്യൽ ബ്രാഞ്ച് എസിപി സ്റ്റേഷനിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് കാര്യങ്ങൾ വ്യക്തമായത്. സെബാസ്റ്റ്യനെ തല്ലിയതിന് രാഹുലിനെതിരെ കേസെടുത്തു. ഇതോടെ കേസുമായി സ്റ്റേഷനിലെത്തിയ വാദി പ്രതിയായി.
Discussion about this post