ആർആർആർ എന്ന ചിത്രത്തിലെ “നാട്ടു നാട്ടു” ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ സംഗീത സംവിധായകൻ എംഎം കീരവാണിക്ക് അഭിനന്ദനപ്രവാഹമാണ്. ഇന്ത്യയെ അഭിമാനത്തിന്റെ നെറുകയിലെത്തിച്ച വ്യക്തിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇതിനിടെ കീരവാണിയെ കണ്ടുമുട്ടിയ അനുഭവം പങ്കുവെയ്ക്കുകയാണ് സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ. ഫേസ്ബുക്കിലൂടെയാണ് വിനീത് തന്റെ അനുഭവം തുറന്നുപറഞ്ഞത്.
“വർഷങ്ങൾക്ക് മുൻപ് ഞാൻ താമസിച്ചിരുന്ന അപ്പാർട്മെന്റിന്റെ എതിർവശത്ത് ഒരു ഭർത്താവും ഭാര്യയും താമസിച്ചിരുന്നു. വളരെ സ്നേഹവും വിനയവുമുളളവരായിരുന്നു അവർ. ഭർത്താവ് തലശ്ശേരിക്കാരനും ഭാര്യ ആന്ധ്രക്കാരിയുമായിരുന്നു. എപ്പോൾ കണ്ടുമുട്ടിയാലും ഞങ്ങൾ എന്തെങ്കിലും സംസാരിക്കും.
ഒരിക്കൽ ജോലി കഴിഞ്ഞ് അപ്പാർട്മെന്റിലേക്ക് വണ്ടി ഓടിച്ച് പോകുന്നതിനിടെ ആ ചേച്ചി ഒരു മദ്ധ്യവയസ്കനോടൊപ്പം നടന്നു പോകുന്നത് ശ്രദ്ധയിൽ പെട്ടു. കാർ പാർക്ക് ചെയ്ത ശേഷം ഞാൻ അവരുടെ അടുത്തേക്ക് നടന്നുപോയി. പരസ്പരം ചിരിച്ച ശേഷം ചേച്ചി എന്നോട് പറഞ്ഞു, വിനീത് ഇതെന്റെ സഹോദരനാണ്. ആദരവോടെ അദ്ദേഹം എനിക്ക് നേരെ തിരിഞ്ഞ് പേര് പറഞ്ഞു. ആ പേര് കേട്ട് ഞാൻ നടുങ്ങിപ്പോയി.
പാർക്ക് ചെയ്യുന്നതിനിടെ ഞാൻ കണ്ട വ്യക്തി കഴിഞ്ഞ ദിവസം ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഏറ്റുവാങ്ങി, 2022 ലെ തന്റെ ഏറ്റവും ആഘോഷിക്കപ്പെട്ട ഗാനത്തിന്, എംഎം കീരവാണി ” വിനീത് കുറിച്ചു.
Discussion about this post