കൊച്ചി: കളമശ്ശേരിയിൽ 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ പശ്ചാത്തലത്തിൽ കളമശ്ശേരി നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അടിയന്തരയോഗം ഇന്ന് ചേരും. നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് ഷവർമ അടക്കമുള്ള വിഭവങ്ങൾ ഉണ്ടാക്കാനായി വിതരണം ചെയ്ത് വന്നിരുന്ന ഇറച്ചിയായിരുന്നു ഇത്. സുനാമി ഇറച്ചി വിൽപ്പന നടത്തിയ കടയുടമയ്‌ക്കെതിരെ സ്വീകരിക്കേണ്ട നടപടികളും തീരുമാനിക്കും. പാലക്കാട് മണ്ണാർക്കാട് സ്വദേശി ജുനൈസിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
തമിഴ്‌നാട്ടിലെ ഫാമുകളിൽ നിന്ന് മാറ്റിയിടുന്ന ചത്തകോഴി, വൈകല്യം വന്ന് മാറ്റിയിടുന്നവ തുടങ്ങിയവ കുറഞ്ഞ വിലയ്ക്ക് കൊണ്ടുവന്നാണ് വിതരണം ചെയ്തിരുന്നത്. ചെക്ക്‌പോസ്റ്റിലെ പരിശോധന ഒഴിവാക്കാൻ ട്രെയിൻ മാർഗമാണ് തമിഴ്‌നാട്ടിൽ നിന്ന് ഇറച്ചി കേരളത്തിലേക്ക് എത്തിച്ചു കൊണ്ടിരുന്നത്.
ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തിയപ്പോൾ ദുർഗന്ധം വമിക്കുന്ന അഴുകിയ നിലയിലാണ് ഇറച്ചി കണ്ടെത്തിയത്. ഇവിടെ നിന്ന് മലിനജലം പുറത്തേക്ക് ഒഴുകി രൂക്ഷമായ ദുർഗന്ധം വന്നതോടെയാണ് നാട്ടുകാർ നഗരസഭയിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചത്. പഴകിയ മാംസത്തിന് പുറമെ 150 കിലോ പഴകിയ എണ്ണയും കണ്ടെത്തി. ഫുഡ് ലൈസൻസ് ഇല്ലാതെയാണ് ഇയാൾ ഇത്രയേറെ ഇറച്ചി സൂക്ഷിച്ചതെന്നും ആരോഗ്യവിഭാഗം പറയുന്നു.
Discussion about this post