മുംബൈ: ബാങ്കുകളെ കബളിപ്പിച്ച് വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ മുംബൈ ആസ്ഥാനമായുളള സ്വകാര്യ കമ്പനിയായ പിഎസ്എൽ ലിമിറ്റഡിന്റെ ഡയറക്ടറുടെയും എക്‌സിക്യൂട്ടീവുകളുടെയും വീടുകളിലും കമ്പനി ഓഫീസുകളിലും സിബിഐ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് വൻ തുക. രണ്ട് കോടി രൂപയുടെ ഇന്ത്യൻ കറൻസിയും 90,000 യുഎസ് ഡോളറും ഉദ്യോഗസ്ഥർ കണ്ടെടുത്തു.
കാനറ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങളെ കബളിപ്പിച്ച് 428 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിലായിരുന്നു സിബിഐയുടെ നീക്കം. പഞ്ചാബ് നാഷണൽ ബാങ്ക്, എക്‌സിം ബാങ്ക്, ഐഡിബിഐ തുടങ്ങിയവയും കമ്പനിക്കെതിരെ പരാതി നൽകിയിട്ടുണ്ട്.
കമ്പനി ഡയറക്ടർ ഡിഎൻ സെഗാളുമായി ബന്ധപ്പെട്ട ഇടങ്ങളിൽ ഉൾപ്പെടെയാണ് റെയ്ഡ് നടന്നത്. മുംബൈ, കച്ച്, നോയ്ഡ തുടങ്ങി 12 സ്ഥലങ്ങളിലായിട്ടായിരുന്നു സിബിഐയുടെ പരിശോധന. കമ്പനിക്കെതിരെ നാല് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിട്ടുളളത്.
പൈപ്പ് നിർമാണവും പൈപ്പ് കോട്ടിംഗും നടത്തുന്ന കമ്പനിയെന്ന് ആയിരുന്നു ഇവർ രേഖപ്പെടുത്തിയിട്ടുളളത്. എൻടിപിസി, ഗെയ്ൽ തുടങ്ങിയ സ്ഥാപനങ്ങളുടെ വർക്ക് ഓർഡർ കാണിച്ചായിരുന്നു ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സിൽ നിന്ന് 50 കോടിയിലധികം രൂപയുടെ വായ്പ കമ്പനി സ്വന്തമാക്കിയത്. എന്നാൽ പണം നിലവിലെ വായ്പാ ബാദ്ധ്യതകൾ തീർക്കാനും മറ്റ് കാര്യങ്ങൾക്കുമായി വകമാറ്റുകയായിരുന്നു.
എക്‌സിം ബാങ്കിൽ നിന്ന് 105 കോടിയിൽ പരം രൂപയും ഐഡിബിഐയിൽ നിന്ന് 29 കോടിയിലധികവും തട്ടിപ്പ് നടത്തിയതായി പരാതികളിൽ പറയുന്നു. 2684 കോടി രൂപയുടെ വ്യാജ പർച്ചേസ് ഓർഡർ ഉൾപ്പെടെ സമർപ്പിച്ചാണ് വായ്പ സ്വന്തമാക്കിയതെന്ന് കാനറ ബാങ്ക് പരാതിയിൽ പറയുന്നു. പർച്ചേസ് ഓർഡറിൽ നൽകിയ മേൽവിലാസങ്ങളും വ്യാജമായിരുന്നു.
2018 ലാണ് പിഎസ്എൽ വായ്പയെ തട്ടിപ്പിന്റെ ഗണത്തിൽ കാനറ ബാങ്ക് ഉൾപ്പെടുത്തിയത്. തുടർന്ന് പരാതി നൽകുകയായിരുന്നു. കമ്പനി എക്‌സിക്യൂട്ടീവുകളായിരുന്ന അശോക് പുഞ്ച്, അലോക് പുഞ്ച്, രാജേന്ദർ ബാഹ്‌റി, ചിത്രാഞ്ജൻ ഗോയൽ തുടങ്ങിയവരുടെ പങ്ക് ആണ് സിബിഐ പ്രധാനമായും അന്വേഷിക്കുന്നത്. വായ്പ അനുവദിച്ചതിൽ ബാങ്ക് ഉദ്യോഗസ്ഥർ വഴിവിട്ട് സഹായിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
Discussion about this post