ലോസ്ആഞ്ചലസ്: അമേരിക്കയുടെ ആർബോണി ഗബ്രിയേൽ മിസ് യൂണിവേഴ്‌സ് 2022 കിരീടം സ്വന്തമാക്കി. ഇന്നലെ അമേരിക്കയിലെ ലൂസിയാനയിലെ ന്യൂഓർലീൻസിലുള്ള മോറിയൽ കൺവെൻഷൻ സെന്ററിലാണ് മിസ് യൂണിവേഴ്‌സ് മത്സരത്തിന്റെ 71ാം പതിപ്പ് അരങ്ങേറിയത്. കഴിഞ്ഞ വർഷത്തെ വിശ്വസുന്ദരിയായ ഇന്ത്യക്കാരി ഹർനാസ് സന്ധു ആർബോണിയെ കിരീടം ചൂടിച്ചു. മിസ് വെനസ്വേല അമാൻഡ ഡുഡമേൽ രണ്ടാം സ്ഥാനം നേടി. മിസ് ഡൊമിനിക്കൻ റിപ്പബ്ലിക് ആൻഡ്രേയ്‌ന മാർട്ടിനെസ് മൂന്നാം സ്ഥാനത്തെത്തി.
മിസ് യുഎസ്എ കിരീടം നേടുന്ന ആദ്യ ഫിലിപ്പിനോ വംശജയാണ് ആർബോണി. ഹൂസ്റ്റൺ സ്വദേശിയായ ആർബോണി മോഡലും ഫാഷൻ ഡിസൈനറുമാണ്. മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇനിയൊരു പരിഷ്‌കാരം ആഗ്രഹിക്കുന്നെങ്കിൽ അതെന്താണെന്ന ചോദ്യമാണ് അവസാന റൗണ്ടിൽ ആർബോണി നേരിട്ടത്. മത്സരത്തിനുള്ള പ്രായപരിധി കൂട്ടണം, പ്രായമല്ല പ്രധാനം എന്നായിരുന്നു ഒരു നിമിഷം പോലും വൈകാതെയുള്ള ആർബോണിയുടെ മറുപടി. മത്സരത്തിൽ അനുവദിച്ചിട്ടുള്ള ഏറ്റവും ഉയർന്ന പ്രായമായ 28ാം വയസ്സിലാണ് ആർബോണി ഇക്കുറി കിരീടം ചൂടിയത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 84 സുന്ദരിമാരാണ് മത്സരത്തിൽ മാറ്റുരച്ചത്. പത്ത് വർഷത്തിന് ശേഷമാണ് മിസ് യൂണിവേഴ്‌സ് കിരീടം അമേരിക്കയിലേക്കെത്തുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ അമേരിക്കൻ സുന്ദരിയാണ് ആർബോണി. ഇന്ത്യയെ പ്രതിനിധീകരിച്ച് ഇക്കൊല്ലം പങ്കെടുത്തത് ദിവിത റായ് ആയിരുന്നു. അവസാന 16ലെത്തിയെങ്കിലും ദിവിത പിന്നീട് പുറത്തായി.
Discussion about this post