ന്യൂഡൽഹി: ബഫർസോണുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ബഫർസോൺ നിശ്ചയിച്ച കോടതി വിധിയിൽ ഇളവ് ആവശ്യപ്പെട്ടാണ് കേരളവും കേന്ദ്രവും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. കേരളത്തിലേതുൾപ്പെടെയുള്ള വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ബഫർ നിബന്ധനകളിൽ ഇളവ് അനുവദിക്കുന്നത് പരിഗണിക്കുമെന്ന് സുപ്രീംകോടതി കഴിഞ്ഞ തവണ പറഞ്ഞിരുന്നു.
നിലവിലുള്ള വിധി കരട് വിജ്ഞാപനത്തിന് ബാധകമാക്കരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. മതികെട്ടാൻ ചോലയുടെ കാര്യത്തിലാണ് അന്തിമ വിജ്ഞാപനമായിട്ടുള്ളത്. ബാക്കിയുള്ളവ കരട് വിജ്ഞാപന ഘട്ടത്തിലാണ്. ജൂണിലെ വിധി പരിഷ്‌കരിക്കണമെന്നാണ് കേന്ദ്ര സർക്കാരിന്റെ ആവശ്യം. ഈ വിധി പുറപ്പെടുവിച്ചത് മൂന്നംഗ ബെഞ്ചാണ്. അതുകൊണ്ട് തന്നെ രണ്ടംഗ ബെഞ്ചിന് വിധിയിൽ മാറ്റം വരുത്താനാകുമോ എന്നും ഇന്ന് പരിശോധിക്കും.
അന്തിമ വിജ്ഞാപനവും കരടു വിജ്ഞാപനവും ഇറങ്ങിയതും സംസ്ഥാനങ്ങളിൽ നിന്ന് നിർദേശങ്ങൾ ലഭിച്ചതുമായ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും നിലവിലെ വിധി ബാധകമല്ലെന്ന് വ്യക്തമാക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. ഇതിനെ പിന്താങ്ങി കേരള സർക്കാരും കർഷക സംഘടനകളും നൽകിയ ഇടപെടൽ ഹർജികളും ഇന്ന് പരിഗണിക്കും.
Discussion about this post