കാഠ്മണ്ഡു: നേപ്പാളിലെ പൊഖ്രയിൽ തകർന്ന് വീണ വിമാനത്തിന്റെ ബ്ലാക് ബോക്‌സ് കണ്ടെത്തി. സ്ഥലത്ത് ഇന്ന് പുലർച്ചെ മുതൽ രക്ഷാപ്രവർത്തനം പുനരാരംഭിച്ചിരുന്നു. അപകടത്തിൽ ആരെയും ജീവനോടെ രക്ഷിക്കാൻ സാധിച്ചില്ലെന്ന് നേപ്പാൾ സൈനിക വക്താവ് കൃഷ്ണ പ്രസാദ് ഭണ്ഡാരി വ്യക്തമാക്കി. ഞായറാഴ്ച രാവിലെ നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്നും പൊഖ്രയിലേക്ക് പോയ യതി എയർലൈൻസിന്റെ വിമാനമാണ് ലാൻഡിംഗിന് തൊട്ടുമുൻപായി തകർന്ന് വീണ് വീണത്. 68 യാത്രക്കാരും 4 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 5 പേർ ഇന്ത്യക്കാരാണ്.
ഇതുവരെ 69 മൃതദേഹങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. ഡിഎൻഎ പരിശോധന അടക്കം നടത്തി മൃതദേഹങ്ങൾ തിരിച്ചറിയാനാണ് നീക്കം. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ അഞ്ചംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. മുൻ വ്യോമയാന സെക്രട്ടറി നാഗേന്ദ്ര ഗിമിറെയുള്ള നേതൃത്വത്തിലുള്ള സംഘമാണ് അപകടത്തെ കുറിച്ച് അന്വേഷിക്കുന്നത്. 45 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം.
30 വർഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ വിമാന അപകടമായിരുന്നു ഇന്നലത്തേത്. 10.33നാണ് വിമാനം കാഠ്മണ്ഡുവിൽ നിന്ന് തിരിച്ചത്. 10.58ന് വിമാനം പൊഖ്‌റയിൽ എത്തേണ്ടതായിരുന്നു. 10.50ന് പൊഖ്‌റ രാജ്യാന്തര വിമാനത്താവളവുമായി ആശയവിനിമയം നടത്തിയെങ്കിലും തൊട്ടുപിന്നാലെ വിമാനം സെതി നദിയോട് ചേർന്ന് തകർന്ന് വീഴുകയായിരുന്നു.











