തിരുവനന്തപുരം:കാര്യവട്ടം ഏകദിനത്തിൽ കാണികൾ കുറഞ്ഞതിൽ വിമർശനവുമായി ശശി തരൂർ എംപി. മോശം പരാമർശത്തിൽ മന്ത്രിയെ ആയിരുന്നു ജനം ബഹിഷ്‌കരിക്കേണ്ടിയിരുന്നതെന്നും, ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിച്ചുവെന്നും ശശി തരൂർ എംപി പറഞ്ഞു. ക്രിക്കറ്റ് ആവേശം ജനങ്ങൾക്ക് എന്നും ഉണ്ട്. മന്ത്രി വിവരക്കേട് പറഞ്ഞത് കൊണ്ട് ചിലർ സ്റ്റേഡിയം ബഹിഷ്‌കരിച്ചു. കേരളത്തിൽ ക്രിക്കറ്റ് നന്നായി വളരുന്ന കാലത്താണ് ഇങ്ങനെ ഒരു അവസ്ഥ വന്നത്. മന്ത്രിയെ ആയിരുന്നു പ്രതിഷേധക്കാർ ബഹിഷ്‌കരിക്കേണ്ടിയിരുന്നത്. ഒഴിഞ്ഞ സ്റ്റേഡിയം രാജ്യമാകെ ശ്രദ്ധിക്കുന്ന അവസ്ഥ ഉണ്ടായി. ഒരു മനുഷ്യൻ ചെയ്ത തെറ്റിനാണ് ക്രിക്കറ്റിനേയും സ്റ്റേഡിയത്തേയും ബഹിഷ്‌കരിക്കുന്ന അവസ്ഥ ഉണ്ടായതെന്നും തരൂർ കുറ്റപ്പെടുത്തി.
സ്റ്റേഡിയത്തിൽ കാണികൾ കുറഞ്ഞത് അബ്ദുറഹ്മാന്റെ പ്രസ്താവന കാരണമാണെന്ന് കെസിഎയും കുറ്റപ്പെടുത്തിയിരുന്നു. സിപിഎം നേതാവ് എം.വി.ജയരാജൻ, സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ തുടങ്ങിയവരും വിഷയത്തിൽ അബ്ദുറഹ്മാനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ വാക്കുകളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് സ്റ്റേഡിയം കാലിയായി കിടക്കാൻ കാരണമെന്നായിരുന്നു കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ് പറഞ്ഞത്.
പട്ടിണിക്കാരും അല്ലാത്തവരും കാണേണ്ട കളിയാണ് ക്രിക്കറ്റ് എന്നും, അബ്ദുറഹ്മാന്റെ പരാമർശം പറയാൻ പാടില്ലാത്തതാണെന്നുമാണ് എം.വി.ജയരാജൻ പറഞ്ഞത്. മന്ത്രിയുടെ പരാമർശം വരുത്തി വച്ച വിന ഇന്നലെ നേരിൽ കണ്ടുവെന്നായിരുന്നു പന്ന്യൻ രവീന്ദ്രന്റെ വിമർശനം. ഇത്തരം വാക്കുകൾ വരുത്തുന്ന നഷ്ടം കെസിഎയ്ക്ക് മാത്രമല്ല സർക്കാരിന് കൂടിയാണെന്ന് പരാമർശക്കാർ ഇനിയെങ്കിലും മനസിലാക്കണമെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.കാര്യവട്ടം ഏകദിനത്തിന് കാണികൾ കുറഞ്ഞത് കായിക മന്ത്രിയുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. അഹങ്കാരത്തിൻറേയും ധിക്കാരത്തിൻറേയും സ്വരമാണ് മന്ത്രിയുടേത്. മലയാളികളെ അപമാനിച്ചതിൻറെ സ്വാഭാവിക പ്രതികരണമാണ് കാര്യവട്ടത്ത് കണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post