ഇടുക്കി: നെടുങ്കണ്ടത്ത് സ്വന്തം ബൈക്ക് കത്തിച്ച് പരാതിയുമായി രംഗത്ത് വന്ന സിപിഎം നേതാവിനെതിരെ നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. സിപിഎം ചേമ്പളം ബ്രാഞ്ച് സെക്രട്ടറി ഷാരോണിനെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.
പുതുവത്സര ദിനത്തിലായിരുന്നു ഷാരോൺ ബൈക്ക് കത്തിച്ചത്. തുടർന്ന് ഒരു സംഘം ആളുകൾ തന്നെ ആക്രമിച്ച് മാലമോഷ്ടിച്ചെന്നും വാഹനം കത്തിച്ചെന്നും ചൂണ്ടിക്കാട്ടി പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ ഷാരോൺ തന്നെയാണ് ബെക്ക് കത്തിച്ചത് എന്ന് വ്യക്തമായി. ഇതിന് പുറമേ മോഷ്ടിച്ചെന്ന് കാട്ടി പരാതി നൽകിയ മാല പ്രദേശത്തെ ധനകാര്യ സ്ഥാപനത്തിൽ പണയംവച്ചതായും കണ്ടെത്തി. ഇതിന് പിന്നാലെയാണ് പാർട്ടി നടപടി സ്വീകരിച്ചത്.
ഷാരോണിന് പുറമേ കൂട്ടാളികളായ റോബിൻ അമൽ എന്നിവരെയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.
അതേസമയം ചേമ്പളം ബ്രാഞ്ച് കമ്മിറ്റി ഉൾപ്പെടുന്ന പാമ്പാടുംപാറ ലോക്കൽ കമ്മിറ്റിയിലെ അംഗങ്ങളായ പി.ടി ആന്റണി, ജോസി എന്നിവരെ സസ്‌പെൻഡ് ചെയ്തു. പാർട്ടിയിൽ ചേരിതിരിവ് ഉണ്ടാക്കി നിരന്തരം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് നടപടി. ആന്റണിയെ ഒരു വർഷത്തേക്കും, ജോസിയെ ആറ് മാസത്തേക്കുമാണ് സസ്‌പെൻഡ് ചെയ്തത്. ജില്ലാ കമ്മിറ്റിയുടെ തീരുമാന പ്രകാരമാണ് നടപടി.
Discussion about this post