അഫ്ഗാനിൽ താലിബാൻ ഭരണം ഏറ്റെടുത്തത് മുതൽ സ്ത്രീകൾക്ക് കഷ്ടകാലമാണ്. സ്ത്രീകളുടെ മൗലിക അവകാശങ്ങളെല്ലാം നിഷേധിച്ചു കൊണ്ടാണ് താലിബാൻ രാജ്യത്ത് ഭരണം നടത്തുന്നത്. ഇപ്പോഴിതാ കടകളിൽ സ്ത്രീകളുടെ രൂപത്തിലുള്ള ബൊമ്മകൾക്കും രക്ഷയില്ലാതായെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വസ്ത്രശാലകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബൊമ്മകളാണ് സ്ത്രീരൂപമാണെന്നതിന്റെ പേരിൽ മൂടിയിട്ടത്. തുണി കൊണ്ടും ചാക്ക് കൊണ്ടും അലുമിനീയം ഫോയിൽ കൊണ്ടുമാണ് ബൊമ്മകൾ മൂടി ഇട്ടത്.
വിഗ്രഹ ആരാധന ഇസ്ലാമിൽ നിഷിദ്ധമാണെന്ന് കാട്ടിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അതിന് പുറമെ അന്യ സ്ത്രീകളെ നോക്കുന്നത് തെറ്റാണ് എന്നും ഇസ്ലാമിക ശാസനത്തിൽ പറയുന്നു. കടകളിലെ സ്ത്രീ ബൊമ്മകളെ നോക്കി നിൽക്കുന്നത് ശരിഅത്ത് നിയമത്തിന്റെ ലംഘനമാണെന്നും ഉത്തരവിൽ പറയുന്നു. ഇസ്ലാമിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്.
ആദ്യഘട്ടത്തിൽ ബൊമ്മകൾ പൂർണമായി മൂടി ഇടുകയായിരുന്നു. എന്നാൽ ഇത്തരം നീക്കങ്ങൾ വ്യാപാരത്തെ മോശമായി ബാധിക്കുന്നുവെന്ന പരാതി വ്യാപാരികൾ ഉയർത്തിയതോടെ ബൊമ്മകളുടെ മുഖം മാത്രം മറച്ചാൽ മതിയെന്ന നിലപാട് താലിബാൻ സ്വീകരിച്ചു. തല മറച്ച ബൊമ്മകളുടെ ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
Discussion about this post