ഇലോൺ മസ്‌ക് മേധാവിയായി സ്ഥാനമേറ്റെടുത്തത് മുതൽ വലിയ പ്രതിസന്ധിയാണ് സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ ട്വിറ്റർ നേരിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം 500ലധികം ഉപഭോക്താക്കൾ നിക്ഷേപം അവസാനിപ്പിച്ചതിനെ തുടർന്ന് ട്വിറ്ററിന്റെ വരുമാനത്തിൽ 40 ശതമാനം ഇടിവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബറിൽ മസ്‌ക് ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ് 500ലധികം മുൻനിര പരസ്യ ദാതാക്കൾ ട്വിറ്ററിനായി പരസ്യം നൽകുന്നത് അവസാനിപ്പിച്ചത്.
ഇതോടെ പ്രതിദിന വരുമാനത്തിൽ തന്നെ 40 ശതമാനം ഇടിവുണ്ടായി. പരസ്യങ്ങളായിരുന്നു ട്വിറ്ററിന്റെ പ്രധാന വരുമാന സ്രോതസ്സ്. 2021ൽ 5.1 ബില്ല്യൺ ഡോളറാണ് ട്വിറ്ററിന് വരുമാനമായി ലഭിച്ചത്. ഇതിൽ 90 ശതമാനവും പരസ്യത്തിൽ നിന്നുള്ള വരുമാനമായിരുന്നു. ഓഡി, ഫൈസർ തുടങ്ങി നിരവധി ആഗോള ഭീമന്മാരാണ് ട്വിറ്ററിന് പരസ്യം നൽകുന്നത് അവസാനിപ്പിച്ചത്. മസ്‌കിന്റെ വിവാദ തീരുമാനങ്ങളിൽ പ്രതിഷേധിച്ചാണ് പലരും പരസ്യം നൽകുന്നത് അവസാനിപ്പിച്ചത്.
അതേപോലെ ട്വിറ്ററിന്റെ സാൻഫ്രാൻസിസ്‌കോ ആസ്ഥാനത്ത് നിന്നുള്ള 600ലധികം വസ്തുവകകളാണ് മസ്‌ക് ലേലത്തിന് വച്ചിരിക്കുന്നത്. അനാവശ്യ ചെലവുകൾ വെട്ടിക്കുറയ്ക്കാനെന്ന പേരിലാണ് കമ്പനിയുടെ വസ്തുവകകൾ മസ്‌ക് ലേലത്തിന് വച്ചത്. ട്വിറ്ററിന്റെ ‘ബേർഡ് സ്റ്റാച്യു’ ഉൾപ്പെടെയുള്ള നിരവധി ഓഫീസ് വസ്തുവകകൾ ഓൺലൈനായി ലേലത്തിന് വച്ചിട്ടുണ്ടൊണ് വിവരം. ഹെറ്റിറേജ് ഗ്ലോബൽ പാർട്‌ണേഴ്‌സിന്റെ വെബ്‌സൈറ്റിൽ ഇപ്പോഴും ലേലം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ‘ബ്ലൂ ബേർഡ് സ്റ്റാച്യു 20,500 ഡോളറിനാണ് ലേലത്തിന് വച്ചിരിക്കുന്നത്. ബേർഡ് ലൈറ്റ് ഇലക്ട്രിക്കൽ ഡിസ്‌പ്ലേ 22,500 ഡോളറിനും ലേലത്തിന് വച്ചിട്ടുണ്ട്.
ട്വിറ്റർ ഹെഡ് ക്വാർട്ടേഴ്‌സ് അടുക്കളയിലെ ഉപകരണങ്ങൾ വരെ ലേലത്തിന് വച്ചിട്ടുണ്ട്. ഭക്ഷണത്തിന് വേണ്ടി മാത്രം ട്വിറ്റർ 13 മില്യ ഡോളറാണ് ട്വിറ്റർ പ്രതിവർഷം ചെലവഴിക്കുന്നത് എന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ഇതിലുൾപ്പെടെ ചെലവ് ചുരുക്കൽ വരുത്താനാണ് ട്വിറ്റർ മേധാവിയുടെ ശ്രമം. 265 അടുക്കള ഉപകരണങ്ങളും ഫർണീച്ചറുകളുമാണ് ലേലത്തിൽ വച്ചിരിക്കുന്നത്. കാപ്പിയുണ്ടാക്കുന്ന വിവിധ തരം മെഷീനുകൾ, ഐസ് ഡിസ്‌പെൻസറുകൾ, കോഫി ടേബിളുകൾ തുടങ്ങിയവയെല്ലാം വിൽപ്പനയ്ക്ക് വച്ചതിന്റെ കൂട്ടത്തിലുണ്ട്. ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് മസ്‌കിന്റെ ഈ നീക്കം.
Discussion about this post