പാലാ: പാലാ നഗരസഭാ സ്ഥാനാർത്ഥിയെ നിർണ്ണയിക്കുന്നതിൽ കേരള കോൺഗ്രസിന് വഴങ്ങി സിപിഎം. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി ജോസീൻ ബിനോയെ സ്ഥാനാർത്ഥിയായി തീരുമാനിച്ചു. നഗരസഭയുടെ ചരിത്രത്തിലാദ്യമായാണ് സിപിഎം അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. സിപിഎം ചിഹ്നത്തിൽ ജയിച്ച ഏക കൗൺസിലറാണ് ബിനു പുളിക്കക്കണ്ടം. ബിനു ഉൾപ്പെടെ ആറ് കൗൺസിലർമാരാണ് പാലാ നഗരസഭയിൽ സിപിഎമ്മിനുള്ളത്.
ബിനു പുളിക്കക്കണ്ടത്തെ ചെയർമാനാക്കാനായിരുന്നു തുടക്കം മുതൽ സിപിഎമ്മിന്റെ ശ്രമം. എന്നാൽ കേരള കോൺഗ്രസ് ഇതിൽ കനത്ത എതിർപ്പ് അറിയിച്ചതോടെയാണ് സിപിഎം വഴങ്ങിയത്. നഗരസഭാ ഹാളിൽ വച്ച് ബിനു പുളിക്കക്കണ്ടം കേരള കോൺഗ്രസ് അംഗം ബൈജു കൊല്ലംപറമ്പിലിനെ മർദ്ദിച്ചതാണ് എതിർപ്പിന് കാരണം. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇരു പാർട്ടികളും തമ്മിലുള്ള ധാരണ പ്രകാരം ആദ്യ രണ്ട് വർഷം കേരള കോൺഗ്രസ്(എം)നാണ് അദ്ധ്യക്ഷസ്ഥാനം. അതിന് ശേഷം ഒരു വർഷം സിപിഎമ്മിനും അടുത്ത രണ്ട് വർഷം വീണ്ടും കേരള കോൺഗ്രസ്(എം)നും ഉള്ളതാണ്. ആദ്യ രണ്ട് വർഷം ആന്റോ പടിഞ്ഞാറേക്കര ആയിരുന്നു അധ്യക്ഷൻ. ബിനു പുളിക്കക്കണ്ടത്തെ അദ്ധ്യക്ഷനാക്കുന്നതിൽ എതിർപ്പ് പ്രകടിപ്പിച്ച് ജോസ് കെ മാണി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.












